boat
എട്ടാം ക്ലാസ് വിദ്യാർത്ഥി ശിവേശ്വർ നിർമ്മിച്ച കാർ ബോട്ട് നീറ്റിലിറക്കിയപ്പോൾ

നെടുമ്പാശേരി: മഹാപ്രളയത്തിന്റെ ഓർമ്മകളുമായി പഠനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ് വിദ്യാർത്ഥി ശിവേശ്വർ നിർമ്മിച്ച കാർബോട്ട് നീറ്റിലിറക്കി. ചെങ്ങമനാട് പുവ്വമ്പിള്ളി അനുരാജിന്റെയും രതിമോളുടെയും ഏകമകൻ ശിവേശ്വർ (13) കാർ ആകൃതിയിൽ നിർമ്മിച്ച എൻജിൻ ഘടിപ്പിച്ച ഫൈബർബോട്ടാണ് ഇന്നലെ രാവിലെ പെരിയാറിന്റെ കൈവഴിയായ കോയിക്കൽക്കടവ് പുഴയിൽ ഇറക്കിയത്.

ചെങ്ങമനാട് കപ്രശേരി ഐ.എച്ച്.ആർ.ഡി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റായ ശിവേശ്വറിന് ചെറുപ്പം മുതൽ ഇത്തരം കാര്യങ്ങളിൽ താത്പര്യമായിരുന്നു. 2018ലും 19ലും പ്രളയത്തിൽ ശിവേശ്വറിൻെറ വീട്ടിലും വെള്ളംകയറി. കാറും വീട്ടുപകരണങ്ങളടക്കം നശിച്ചു. ശിവേശ്വറിന് അത് നടുക്കുന്ന ഓർമ്മകളായിരുന്നു. അതിനിടെയാണ് പഠനത്തിന്റെ ഭാഗമായി ടെക്‌ഫെസ്റ്റിൽ പ്രദർശിപ്പിക്കാൻ ബോട്ട് നിർമ്മിക്കാൻ തീരുമാനിച്ചത്. പറവൂരിലെ സ്‌ക്രാപ്പ് കടയിൽനിന്ന് പണ്ടത്തെ ഫൈബർകാറിൻെറ ബോഡി വാങ്ങി. ഹീറോഹോണ്ട സ് പ്ളെന്റർ ബൈക്കിൻെറ എൻജിനും സംഘടിപ്പിച്ചു. കാറിൻെറ വാതിലുകളും പിൻഭാഗവും ബോട്ട് ആകൃതിയിലാക്കി. കുത്തനെ തിരിയുന്നവിധം കൂടുതൽ കുതിരശക്തിയുള്ള മോട്ടോറാണ് ഘടിപ്പിച്ചിട്ടുള്ളത്.

ശിവേശ്വറും പിതാവ് അനുരാജും പറവൂർ എൻജിനിയേഴ്‌സിലെ രണ്ട് സുഹൃത്തുക്കളും ലോക് ഡൗൺ കാലത്താണ് കാർ ബോട്ടിന്റെ പണിപൂർത്തിയാക്കിയത്. ബോട്ടും മോട്ടോറും അടക്കം രണ്ട് ടണ്ണിലധികം ഭാരം വരും. 'അതിജീവനി' ഫ്‌ളഡ് റെസ്‌ക്യൂ എന്നാണ് പേര് നൽകിയിട്ടുള്ളത്. 32000 രൂപ ചെലവായി. നാലുപേർക്ക് സഞ്ചരിക്കാം. സുരക്ഷാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമേ ബോട്ട് പെരിയാറിൽ ഓടിക്കുകയുള്ളൂ. അടുത്ത ആഴ്ച ഓൺലൈൻ വഴി സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റിൽ കാർ ബോട്ടിൻെറ സഞ്ചാരം പ്രദർശിപ്പിക്കുമെന്നും ശിവേശ്വർ പറഞ്ഞു. ഗിയർ ഇല്ലാത്ത സ്‌കൂട്ടറിന് ഗിയർ സ്ഥാപിച്ചതടക്കം ഇതിനകം പല നേട്ടങ്ങളും ശിവേശ്വറിന്റേതായുണ്ട്.