പറവൂർ: കോൺഗ്രസ് എസ് സ്ഥാനാർത്ഥിയും സുഹൃത്തുമായ പറവൂർ നഗരസഭ നാലാം വാർഡിൽ മത്സരിക്കുന്ന എൻ.ഐ. പൗലൗസിന് വോട്ട് അഭ്യർത്ഥിച്ച് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ വീടുകളിലെത്തി. കണ്ണൻകുളങ്ങര കാരക്കാട്ട് സ്ട്രീറ്റ്, പിഷാരത്ത് മഠം എന്നിവിടങ്ങളിലെ 35 വീടുകളിലാണ് മന്ത്രി സന്ദർശിച്ചത്. പല്ലംതുരുത്ത് തുരുത്തുമ്മലും ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് 16,17,18 വാർഡുകളിലെ കുടുംബയോഗങ്ങളിലും മന്ത്രി പങ്കെടുത്തു. കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ബി.എ. അഷറഫ്, ജനറൽ സെക്രട്ടറി എം. ഷെറീഫ്, എൽ.ഡി.എഫ് നേതാക്കളായ സന്തോഷ് ലാൽ, വി.എസ്. ഷഡാനന്ദൻ, എൻ.എസ്. അനിൽകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. നാലാം വാർഡിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.