 
ആലുവ: പലവട്ടം ഒടിഞ്ഞ കൈയ്ക്ക് പറ്റിയ പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കാൻ സാമ്പത്തിക ശേഷിയില്ലാതെ വിഷമിക്കുകയാണ് കുട്ടമശേരി കുളത്തിങ്കര നാസറുദീൻ. ഹോട്ടലിൽ പാചകക്കാരനായ യുവാവിന് 15 വർഷം മുമ്പുണ്ടായ അപകടത്തിൽ കയ്യും കാലും ഒടിഞ്ഞിരുന്നു. അത് ചികിത്സിച്ച് ഭേദമാക്കിയെങ്കിലും 2015ൽ തെന്നി വീണപ്പോൾ കയ്യിലെ കമ്പി ഒടിഞ്ഞു.
ഇ.എസ്.ഐ സൗകര്യം ഉണ്ടായിരുന്നതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചു. കുറച്ച് നാൾമുമ്പ് ജോലി ചെയ്യുന്ന സ്ഥലത്ത് പിന്നെയും വീണതോടെ കയ്യിലെ കമ്പി വളയുകയും എല്ല് ഒടിയുകയും ചെയ്തു. ഇത് ശസ്ത്രക്രിയ ചെയ്യുന്നതിന് രണ്ട് ലക്ഷം രൂപ വേണമെന്നാണ് സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നത്. നിലവിൽ ഇ.എസ്.ഐ പരിരക്ഷയില്ല. വാടക വീട്ടിൽ കഴിയുന്ന നാസറുദ്ദീന് ഇത്രയും തുക കണ്ടെത്താൻ കഴിയില്ല. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാസറുദ്ദീന്റെ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. കൈക്ക് പരിക്ക് പറ്റിയതിനാൽ പണിക്കും പോകാൻ കഴിയാതെ വിഷമിക്കുകയാണ്. നാസറുദ്ദീനെ സഹായിക്കാൻ വാർഡ് മെമ്പർ വി.വി. മന്മഥൻ ചെയർമാനായി (93492 63176) ചികിത്സ സഹായ സമിതി രൂപീകരിച്ചു. നാസറുദീൻറെ അക്കൗണ്ട് നമ്പർ: 19480100040149, ഐ.എഫ്.എസ്.സി നമ്പർ FDRL 0001948 (ഫെഡറൽ ബാങ്ക് മാറംപള്ളി ശാഖ).