പറവൂർ: ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന വടക്കേക്കര പഞ്ചായത്ത് നിലനിർത്തുകയെന്നത് എൽ.ഡി.എഫിന്റെ അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പോടെ ഇടതുകോട്ടകളിൽ യു.ഡി.എഫും എൻ.ഡി.എയും വിള്ളലുണ്ടാക്കി. ഇരുപതിൽ പതിനൊന്ന് സീറ്റുകളിലാണ് എൽ.ഡി.എഫ് വിജയിച്ചത്. യു.ഡി.എഫ് അഞ്ചും ബി.ജെ.പി നാലും സീറ്റുകളിലും വിജയിച്ചു. കോൺഗ്രസിനു ലഭിച്ച ഒരു സീറ്റ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തിരിച്ചുപിടിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷത്തേക്കാളും കൂടുതൽ സീറ്റ് പിടിക്കാനാണ് എൽ.ഡി.എഫ് ശ്രമം. ഭരണം പിടിക്കാൻ യു.ഡി.എഫും ശക്തമായ മത്സരത്തിനുണ്ട്. ബി.ഡി.ജെ.എസിന്റെ പിന്തുണയോടെ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. ആകെയുള്ള 20 സീറ്റിൽ കോൺഗ്രസ് തനിച്ചു മത്സരിക്കുമ്പോൾ എൽ.ഡി.എഫിൽ സി.പി.എം 15 വാർഡിലും സി.പി.ഐ അഞ്ചിലും മത്സരിക്കുന്നു. എൻ.ഡി.എ 12 സീറ്റിൽ ബി.ജെ.പിയും 8 സീറ്റിൽ ബി.ഡി.ജെ.എസുമാണ് മത്സരിക്കുന്നത്.

പതിനൊന്ന് വർഷത്തിന് മുമ്പ് തറക്കല്ലിട്ട കുഞ്ഞിത്തൈ - ചെട്ടിക്കാട് പാലവും പഞ്ചായത്തിലെ കുടിവെള്ള പ്രശ്നവും പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളാണ്. പുതുമുഖങ്ങൾക്ക് മൂന്നുമുന്നണിയും പ്രാധാന്യം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയിലെ അംഗങ്ങളാരും യു.ഡി.എഫിലും എൽ.ഡി.എഫിലും ഇത്തവണയില്ല. നാലാം വാർഡിൽ വനിതാ സംവരണ സീറ്റിൽ മത്സരിച്ചു ജയിച്ച ബി.ജെ.പി സ്ഥാനാർത്ഥി ശ്രീദേവി സനോജ് ഇക്കുറി ജനറൽ സീറ്റിൽ അതേ വാർഡിൽ മത്സരിക്കുന്നുണ്ട്. അഞ്ചു വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടെങ്കിലും മുന്നണികൾക്ക് വിമതശല്യമില്ലാത്തത് നേരിട്ടുള്ള മത്സരത്തിന് ശക്തികൂടിയട്ടുണ്ട്.