
കൊച്ചി /ന്യൂഡൽഹി: കേരളാ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനും ഇന്റലിജൻസ് ബ്യൂറോ മുൻ ഡയറക്ടറുംലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുമായ ദിനേശ്വർ ശർമ്മ (66) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ ചികിത്സയിലായിരുന്നു. വിരമിച്ചശേഷം കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്.ഭാര്യ: മഞ്ജു ശർമ്മ. ഒരു മകനും രണ്ടു പെൺമക്കളുമുണ്ട്.
1979ലെ കേരളാ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ബീഹാർ സ്വദേശിയായ ദിനേശ്വർ ശർമ്മ. പാലക്കാട് എ.എസ്.പിയായാണ് തുടക്കം. കണ്ണൂർ എ.എസ്.പി, വയനാട്, കാസർകോട് എസ്.പി, മലബാർ സ്പെഷൽ പൊലീസ് ബറ്റാലിയൻ കമ്മാൻഡന്റ്, പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി തുടങ്ങിയ പദവികളും വഹിച്ചു. ഡെപ്യൂട്ടേഷനിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ (ഐ.ബി) ജമ്മുകാശ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡയക്ടറായി. മോദി സർക്കാരിന് കീഴിൽ 2014 ഡിസംബറിൽ ഐ.ബി മേധാവിയായി. 
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടന വാദി സംഘടനകളുമായുള്ള ചർച്ചകളിൽ കേന്ദ്രസർക്കാർ പ്രതിനിധിയായിരുന്നു. 2017 ഒക്ടോബറിൽ ജമ്മുകാശ്മീരിൽ സമാധാന ശ്രമങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുമായും സംഘടനകളുമായും ചർച്ച നടത്താനുള്ള കാബിനറ്റ് സെക്രട്ടറി റാങ്കിലുള്ള മധ്യസ്ഥനായി കേന്ദ്രസർക്കാർ നിയോഗിച്ചു.
നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനുകളിൽ മികവുകാട്ടിയ ദിനേശ്വർ ശർമ്മ പൊലീസിനും സുരക്ഷാവിഭാഗത്തിനും മുതൽക്കൂട്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.