കിഴക്കമ്പലം: പഴങ്ങനാട്ടിൽ സ്കൂട്ടർ യാത്രികയെ പിന്തുടർന്ന് സ്വർണം കവരാൻ ശ്രമിച്ച കേസിലെ രണ്ടാമനും പിടിയിൽ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ യുവതിയെ പിന്തുടർന്ന് ആക്രമിച്ചാണ് സ്വർണം കവരാൻ ശ്രമിച്ചത്.
കേസിലെ രണ്ടാം പ്രതി ചുണങ്ങംവേലി പുഷ്പനഗർ കോളനിയിൽ ഗിരീഷി (23)നെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി എടത്തല മോളത്ത് അശ്വതി വീട്ടിൽ വിമലിനെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് പഴങ്ങനാട് വട്ടോലിക്കര പാലത്തിനു സമീപം വെച്ചാണ് ബൈക്കിലെത്തിയ സംഘം യുവതിയുടെ ബൈക്കിനു പിന്നാലെ യാത്ര ചെയ്ത് ബാഗ് പിടിച്ചു പറിക്കാൻ ശ്രമിച്ചത്. ആലുവ,കളമശ്ശേരി,എടത്തല സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയാണ് ഇരുവരും. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.