ഒളിവിൽ കഴിഞ്ഞത് മാസ്ക് കച്ചവടക്കാരായി
കൊച്ചി: കുവൈറ്റിലും ഷാർജയിലും ജോലി വാഗ്ദാനം ചെയ്‌ത് നിരവധി ഉദ്യോഗാർത്ഥികളിൽ നിന്ന് നാലര കോടി രൂപ തട്ടിയെടുത്ത കേസിൽ തൊടുപുഴ വണ്ടമറ്റം നാരകത്തിങ്കൽ ആദർശ് ജോസ് എന്ന ഉദയൻ (44), കോട്ടയം നീണ്ടൂർ ചാമക്കാലയിൽ വിൻസെന്റ് മാത്യു (60), ഒറ്റപ്പാലം വാക്കടപ്പുറം മാപ്പിളശേരിയിൽ പ്രിൻസി ജോൺ (36) എന്നിവരെ പ്രത്യേകാന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തു. കേസെടുത്തതോടെ വാഹനത്തിൽ മാസ്ക് കച്ചവടക്കാരായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ആദർശിന്റെ സഹോദരൻ അനീഷ് ഒളിവിലാണ്. എറണാകുളം പനമ്പള്ളിനഗറിൽ ജോർജ് ഇന്റർനാഷണൽ എന്ന മാൻ പവർ റിക്രൂട്ട്മെന്റ് ഏജൻസി നടത്തിയായിരുന്നു തട്ടിപ്പ്. കുവൈറ്റ് ഓയിൽ കമ്പനിയുടെ കീഴീലുള്ള ആശുപത്രികളിൽ നഴ്സ്, ഷാർജ സർക്കാരിന്റെ ആരോഗ്യ വകുപ്പിൽ ലാബ് ടെക്‌നീഷ്യൻ തുടങ്ങിയ ജോലികളായിരുന്നു വാഗ്ദാനം. ദിനപത്രങ്ങളിൽ പരസ്യം ചെയ്‌തായിരുന്നു തട്ടിപ്പ്. പണം സ്വീകരിച്ച ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. തൃക്കാക്കര അസി. കമ്മിഷണർ ജിജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌ത്. കൂടുതൽ പേർ പരാതികളുമായി എത്തിയതോടെ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങിയ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.