raija-ameer
അഡ്വ. റൈജ അമീർ

ആലുവ: ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷനിൽ ഇക്കുറി വനിതകളുടെ തീപാറുന്ന പോരാട്ടം. ഇടത് വലത് മുന്നണികൾ അഭിഭാഷകരെയാണ് രംഗത്തിറക്കിയിരിക്കുന്നത്. സിറ്റിംഗ് സീറ്റായ എടത്തല നിലനിർത്താൻ ഇടതുപക്ഷവും പിടിച്ചെടുക്കാൻ യു.ഡി.എഫും ഇഞ്ചോടിച്ച് പൊരുതുകയാണ്. എന്നാൽ അട്ടിമറി വിജയം നേടുമെന്നാണ് എൻ.ഡി.എയുടെ അവകാശവാദം.

എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.ഐയിലെ അഡ്വ. റൈജ അമീറും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലീംലീഗിലെ അഡ്വ. സാജിത സിദ്ദിഖും എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പിയിലെ സന്ധ്യ അപ്പുവുമാണ് മത്സരഗോദയിലെ മുഖ്യതാരങ്ങൾ. എടത്തല, ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തുകൾ പൂർണ്ണമായും കിഴക്കമ്പലം പഞ്ചായത്തിന്റെ 15ാം വാർഡും ഉൾപ്പെടുന്നതാണ് എടത്തല ഡിവിഷൻ. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് മൂന്ന് സ്ഥാനാർത്ഥികളും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ അസ്ലഫ് പാറേക്കടറൻ 1112 വോട്ടിന് ജയിച്ച ഡിവിഷനാണ്. മുസ്ലീംലീഗിലെ എം.യു. ഇബ്രാഹിമിന് 16663 വോട്ടും ബി.ജെ.പിയിലെ നെടുമ്പാശേരി രവിക്ക് 6040 വോട്ടുമാണ് ലഭിച്ചത്. 2010ൽ എൽ.ഡി.എഫിലെ കെ.എം. കുഞ്ഞുമോനായിരുന്നു വിജയി.

നിലനിർത്താൻ എൽ.ഡി.എഫ്

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് റൈജ അമീർ. 25 വയസ്. കോളേജിൽ എ.ഐ.എസ്.എഫ് പ്രവർത്തകയായിരുന്നു. രണ്ട് വർഷമായി പെരുമ്പാവൂർ കോടതിയിൽ അഭിഭാഷകയാണ്. സി.പി.ഐ അഭിഭാഷക സംഘടനയിലും മഹിളാസംഘത്തിലും പ്രവർത്തിക്കുന്നുണ്ട്. സിറ്റിംഗ് മെമ്പർ ഡിവിഷനിൽ നടത്തിയ വികസനമാണ് മുഖ്യതിരഞ്ഞെടുപ്പ് വിഷയമായി എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്.

പിടിച്ചെടുക്കാൻ യു.ഡി.എഫ്

കൈവിട്ട് പോയ ഡിവിഷൻ തിരിച്ച്പിടിക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. രണ്ട് വട്ടം ജില്ലാ പഞ്ചായത്തിൽ എടത്തലയെ പ്രതിനിധീകരിച്ചയാളാണ് സാജിത സിദ്ദിഖ്. ഒരു വട്ടം പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർഴ്‌സണുമായി. ഡിവിഷനിലെ വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും ഗുണം ചെയ്യും. യു.ഡി.എഫിന് അനുകൂലമായ പൊതുസാഹചര്യവും വിജയപ്രതീക്ഷ നല്കുന്നതായി സാജിത പായുന്നു. മുസ്ലീം ലീഗിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറത്തിന്റെ സംസ്ഥാന സമിതിയംഗവും വനിതാ ലീഗിന്റെ സംസ്ഥാന സെക്രട്ടറിയുമാണ്.

അട്ടിമറിക്കാൻ ബി.ജെ.പി

എൻ.ഡിഎ സ്ഥാനാർത്ഥിയായി ബി.ജെ. പിയിലെ സന്ധ്യ അപ്പു അട്ടിമറി വിജയമാണ് അവകാശപ്പെടുന്നത്. ബി.ജെ.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റിയംഗമായിരുന്ന സന്ധ്യ നിലവിൽ മഹിളാമോർച്ച എടത്തല പഞ്ചായത്ത് പ്രസിഡന്റാണ്. കഴിഞ്ഞ തവണ എടത്തല ഡിവിഷനിൽ എൻ.ഡി.എയുടെ ബ്ളോക്ക് സ്ഥാനാർത്ഥിയായിരുന്നു. നാളെ രാവിലെ മുതിരക്കാട്ടുമുകളിൽ നിന്നും പര്യടനം ആരംഭിച്ച് വൈകിട്ട് കുന്നത്തേരിയിൽ സമാപിക്കും.