thushar-vellepilly
കടുങ്ങല്ലൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി സംഗമവും കുടുംബ സംഗമവും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ത്രിതല തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻ.ഡി.എ ഉജ്ജ്വല വിജയം നേടുമെന്നും നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് നടക്കുന്നതെന്നും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി പറഞ്ഞു. കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള നിരവധി സ്ഥലങ്ങളിൽ ഇക്കുറി എൻ.ഡി.എ ഭരണത്തിലേറെമെന്നും അദ്ദേഹം പറഞ്ഞു.

കടുങ്ങല്ലൂരിലും നെടുമ്പാശേരിയിലും എൻ.ഡി.എ സ്ഥാനാർത്ഥി സംഗമവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേക്കിംഗ് ഇന്ത്യ പദ്ധതി ഉൾപ്പെടെ കേരളത്തിലേക്ക് വൻകിട വ്യവസായങ്ങൾ വരുന്നതിന് എൻ.ഡി.എ ശക്തി തെളിയിക്കണം. കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ കൈയ്യിട്ട് വരാൻ കഴിയാത്തതിന്റെ അമർഷമാണ് ഇടത് - വലത് മുന്നണികൾക്ക്.തൊഴിൽ രഹിതരായ യുവാക്കൾക്ക് മുദ്ര ലോണും കർഷകർക്ക് 6000 രൂപയും നൽകുന്നു. പതിറ്റാണ്ടുകളായി മുടങ്ങികിടന്ന ആലപ്പുഴ ബൈപ്പാസ് മൂന്ന് മാസത്തിനകം തുറക്കും. മുൻകാലങ്ങളിൽ കേന്ദ്രം ആദിവാസികൾക്കായി നൽകിയ പണം ചിലരുടെ പോക്കറ്റുകളിലേക്കാണ് പോയിരുന്നത്. ഇന്നിപ്പോൾ ഇതിനെല്ലാം മാറ്റമുണ്ടായി. കേന്ദ്ര സർക്കാർ എന്താണെന്ന് സാധാരണക്കാർ മനസിലാക്കിയത് നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്.

മോദി സർക്കാർ അധികാരമേറ്റതോടെ ഇന്ത്യയിൽ ഭീകരവാദം ഇല്ലാതായി. നാട്ടിൽ മതവിവേചനം ഉണ്ടാക്കുന്നത് ഇടത് - വലത് മുന്നണികളാണ്. ബീഫ് ഫെസ്റ്റിവൽ നടത്തുന്നവർക്ക് പന്നി ഫെസ്റ്റിവൽ നടത്താൻ കഴിയുമോയെന്നും തുഷാർ ചോദിച്ചു.

കടുങ്ങല്ലൂരിൽ നടന്ന യോഗത്തിൽ ബി.ജെ.പി കളമശേരി മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി. ഗോപകുമാർ, എം.കെ. നീലകണ്ഠൻ, അനിരുദ്ധ് കാർത്തികേയൻ, ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, ജില്ലാ ട്രഷറർ ഷൈജു മനക്കപ്പടി, ബി.ജെ.പി ജില്ലാ ട്രഷറർ ഉല്ലാസ് കുമാർ, ഉദയകുമാർ, പി. ദേവരാജൻ, പി.സി. ബാബു, ബി. ബാബു എന്നിവർ സംസാരിച്ചു.

നെടുമ്പാശേരി മേയ്ക്കാട് നടന്ന യോഗത്തിൽ ബി.ഡി.ജെ.എസ് ആലുവ മണ്ഡലം പ്രസിഡന്റ് വിജയൻ നെടുമ്പാശേരി അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ ഹെൽപ്പ് ഡെസ്കും തുഷാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബി.ഡി.ജെ.എസ് നേതാക്കൾക്ക് പുറമെ ബി.ജെ.പി നേതാക്കളായ എം.എ. ബ്രഹ്മരാജ്, എം.എൻ. ഗോപി, എ. സെന്തിൽകുമാർ, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് എ.എൻ. രാമചന്ദ്രൻ, എം.കെ. ഭാസ്കരൻ, അരുൺകുമാർ പണിക്കർ, എം.പി. ലെനീഷ്, ഷീജ നളൻ, കെ.എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.