flat1

 സംഭവം മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ

കൊച്ചി: സാരികൾ കൂട്ടിക്കെട്ടി ഫ്ളാറ്റിന്റെ ആറാം നിലയിലെ ബാൽക്കണിയിൽ ബന്ധിച്ച് അതിലൂടെ താഴേക്കിറങ്ങാൻ ശ്രമിച്ച വേലക്കാരി പിടിവിട്ട് നിലത്തു വീണ് തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് സ്വദേശി കുമാരിയാണ് (55) സാഹസികമായി താഴെയിറങ്ങാൻ ശ്രമിച്ചത്. ഇവർ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.

എറണാകുളം മറൈൻ ഡ്രൈവിലുള്ള ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ഫ്ളാറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ. ഇംതിയാസ് അഹമ്മദിന്റെ ഫ്ളാറ്റിലെ ജോലിക്കാരിയാണിവർ. കുമാരിയുടെ മൊഴിയെടുത്താൽ മാത്രമേ എന്തിനാണ് സാഹസികമായി രക്ഷപെടാൻ ശ്രമിച്ചതെന്ന് വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. അതിനാൽ കേസെടുത്തിട്ടില്ല.

നേരത്തെ രണ്ടുമാസം കുമാരി വേലക്കാരിയായി ഫ്ളാറ്റിലുണ്ടായിരുന്നു. നാട്ടിൽപോയി കഴിഞ്ഞ ശനിയാഴ്ചയാണ് തിരികെയെത്തിയത്. അടുക്കളയിലാണ് കുമാരി കിടന്നുറങ്ങിയിരുന്നത്. പുലർച്ചെ അഞ്ചോടെ ഇംതിയാസിന്റെ ഭാര്യ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും അവർ കാര്യമായി പ്രതികരിച്ചില്ല. ആറു മണിയോട‌െ ഇംതിയാസും ഭാര്യയും ഒരുമിച്ചെത്തി വിളിച്ചെങ്കിലും എഴുന്നേറ്റില്ല.

ഏഴുമണിയോടെ ഇംതിയാസ് വീണ്ടും എത്തിയപ്പോൾ അടുക്കള വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുറിയുടെ വശങ്ങളിലെ ജനലിലൂടെ അടുക്കളയിലെ ബാൽക്കണി ഭാഗത്തേക്ക് നോക്കിയപ്പോൾ രണ്ടു സാരികൾ കൂട്ടിക്കെട്ടിയത് താഴേക്ക് തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പോർച്ചിലേക്ക് നോക്കിയപ്പോൾ കുമാരി വീണുകിടക്കുന്നതാണ് കണ്ടതെന്നും ഇംതിയാസ് പൊലീസിന് മൊഴി നൽകി.

വീട്ടുകാർ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ പൊലീസ് ആദ്യം കുമാരിയെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതോടെ ലേക്‌ ഷോർ ആശുപത്രിയിലേക്ക് മാറ്റി.

അടുക്കളയിലെ അഴികളില്ലാത്ത ജനലിലൂടെയാണ് കുമാരി ബാൽക്കണിയിലിറങ്ങിയത്. എന്തിന് സാരിയിൽ തൂങ്ങിയിറങ്ങിയെന്നതിലാണ് ദുരൂഹത. സാരി പൊട്ടിയിട്ടില്ല. പിടിവിട്ട് നിലംപതിച്ചതാണെന്ന് പൊലീസ് പറഞ്ഞു. എറണാകുളം അസി.കമ്മിഷണർ കെ. ലാൽജി, സെൻട്രൽ പൊലീസ് ഇൻസ്‌പെക്‌ടർ എ. വിജയശങ്കർ എന്നിവർ എത്തിയാണ് കുമാരിയെ ആശുപത്രിയിലേക്ക് മാറ്റിയത്.