മൂവാറ്റുപുഴ: നഗരസഭ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ മൂവാറ്റുപുഴ പ്രസ് ക്ലബ്ബിൽ നടന്ന വാർത്തസമ്മേളനത്തിൽ പ്രകാശനം ചെയ്തു. നഗരാസൂത്രണ രംഗത്തെ പ്രമുഖരെയും സാങ്കേതിക വിദഗ്ദരെയും സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തി അടുത്ത 30 വർഷത്തെ വികസന സാധ്യത കണക്കിലെടുത്തുള്ള വിഷൻ 2050 മാസ്റ്റർ പ്ലാനാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. നഗരത്തിന്റെ വികസനപദ്ധതികളുടെ മേൽനോട്ടവും , പുരോഗതിയും പരിശോധിച്ച് വിലയിരുത്തുന്നതിനു ജനകീയ സമിതിക്ക് രൂപം കൊടുക്കുമെന്നും പ്രകടന പ്രതിക പറയുന്ന. റിങ് റോഡ് പദ്ധതി യാഥാർഥ്യമാക്കും, നഗരത്തിൽ പാർക്കിങ്ങിനു ആധുനിക സാങ്കേതിക സംവിധാനത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തും , പുഴ കേന്ദ്രീകൃത ടൂറിസം വികസനത്തോടൊപ്പം മൂവാറ്റുപുഴയെ ടൂറിസം ഹബ്ബായി വികസിപ്പിക്കും, പുതിയ ബൈപാസുകളുടെയും തൃപ്പൂണിത്തുറ - മൂവാറ്റുപുഴ സബ് അർബൻ റെയിൽ ലൈനിന്റെയും സാധ്യതകൾ വിശകലനം ചെയ്ത് നടപ്പാക്കും, കാർഷിക മേള, ഫിലിം ഫെസ്റ്റിവൽ , റിവർ ടൂറിസം ഫെസ്റ്റിവൽ , പുസ്തക മേള , ഫുൾബാൾ മേള , പുഷ്പമേള തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ വ്യത്യസ്ത ക്ലബുകളും സംഘടനകളുമായി ചേർന്ന് നടപ്പാക്കി മൂവാറ്റുപുഴയെ റീ ബ്രാന്റ് ചെയ്യും. തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. പ്രകാശന ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി കെ.എം.സലിം, മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് കെ.എം.അബ്ദുൽ മജീദ്, കെപിസിസി അംഗം എ.മുഹമ്മദ് ബഷീർ, തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ എൻ.രമേശ്, ഷാനവാസ് ആര്യങ്കാലയിൽ, പി.എസ്.സലിം, പി.പി.എൽദോസ്, റഫീഖ് പൂക്കടശ്ശേരി എന്നിവർ പങ്കെടുത്തു. .