അങ്കമാലി: അങ്കമാലി നഗരസഭയിൽ ഇക്കുറി കനത്ത പോരാട്ടമാണ്. ഭരണം നിലനിർത്താൻ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും അക്കൗണ്ട് തുറക്കാൻ എൻ.ഡി.എയും കച്ചമുറുക്കി രംഗത്ത്. നഗരസഭയുടെ നാലുപതിറ്റാണ്ട് ചരിത്രത്തിലാദ്യമായിട്ടാണ് ഇടതുമുന്നണിക്ക് ഒറ്റയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചത്. 30ൽ 19 സീറ്റിലും എൽ.ഡി.എഫ് വിജയിച്ചു. രണ്ട് സ്വതന്ത്രർ ഉൾപ്പെടെ പതിനൊന്ന് അംഗങ്ങളാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്. നഗരസഭയുടെ 4 പതിറ്റാണ്ടത്തെ ചരിത്രത്തിലാദ്യമായി ഒരുമുന്നണിയിൽ നിന്നും ഒരാൾ അഞ്ചുവർഷം ചെയർപേഴ്സനായ റെക്കാഡ് ഇപ്രാവശ്യം സ്ഥാനമൊഴിഞ്ഞ എം.എ.ഗ്രേസിക്കാണ്.
യു.ഡി.എഫിന് ഏറെ വളക്കൂറുള്ള മണ്ണിൽ എൽ.ഡി.എഫിന്റെ തിളക്കമാർന്ന വിജയം നഗരസഭയിൽ രാഷ്ട്രീയ ബലാബലത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കി. ദുർബലമായ പ്രതിപക്ഷത്തിന് എൽ.ഡി.എഫ് ഭരണത്തിനെതിരെ കാര്യമായ ചെറുത്തുനില്പിന് കഴിഞ്ഞിരുന്നില്ല.ഇത്തവണ എൽ.ഡി.എഫിൽ സി.പി.എം 21, ജനതാദൾ 5,സി.പി.ഐ 3,കേരളകോൺഗ്രസ് (എം)1സീറ്റിലും മത്സരിക്കുന്നു.
സ്ഥാനാർത്ഥി നിർണയം വൈകിയെങ്കിലും രണ്ടാംറൗണ്ട് പ്രചരണം കഴിഞ്ഞതോടെ പ്രചരണരംഗത്ത് ഒപ്പത്തിനൊപ്പം എത്താൻ യു.ഡി.എഫിന്ആയിട്ടുണ്ട്. കേരള കോൺഗ്രസിന് കൊടുത്ത ഒരുസീറ്റ് ഒഴിച്ചുള്ള 29 സീറ്റിലും കോൺഗ്രസാണ് മത്സരിക്കുന്നത്. കൈവിട്ടുപോയ നഗരസഭാ ഭരണം തിരിച്ചുപിടിച്ചടക്കാൻ എല്ലാ അടവും പയറ്റുകയാണ് യു.ഡി.എഫ് . 7വാർഡുകളിൽ റബൽശല്യമുണ്ട്.ചില വാർഡുകളിൽ റബലിന്റെ പ്രവർത്തനം വിജയത്തെ ബാധിക്കും. കോൺഗ്രസിലെ മുതിർന്ന നേതാക്കളെയെല്ലാം മത്സരരംഗത്തിറക്കി മത്സരം കടുപ്പിച്ച് കൂടുതൽ സീറ്റ് ലഷ്യം വക്കുകയാണ്. പല വാർഡുകളിലും ചിട്ടയായ പ്രവർത്തനമാണ് കോൺഗ്രസ് കാഴ്ചവക്കുന്നത്. അട്ടിമറി വിജയം ഉണ്ടാകുമെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.
എൻ.ഡി.എ16 വാർഡുകളിൽ മാത്രമാണ് മത്സരിക്കുന്നത്.എല്ലായിടത്തും ബി.ജെ.പി സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തനം.