
കൊച്ചി: സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ ദേവാലയങ്ങളിൽ തിരികെ പ്രവേശിക്കാനൊരുങ്ങി യാക്കോബായ സഭാനേതൃത്വം. 13ന് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ പള്ളികളിൽ വിശ്വാസികൾ പ്രാർത്ഥനയ്ക്കായി കയറുമെന്നും സെമിത്തേരികളിൽ പ്രവേശിപ്പിച്ച് പൂർവികർക്കായി പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിക്കുമെന്നും യാക്കോബായ സഭാ നേതൃത്വം അറിയിച്ചു.
കോടതിവിധിയുടെ മറവിൽ 52 ദേവാലയങ്ങളാണ് ഇതിനോടകം യാക്കോബയ സഭയ്ക്ക് നൽകിയിട്ടുള്ളത്. ഈ പള്ളികൾ തിരികെ ലഭിക്കുന്നതിന് പള്ളികൾക്ക് മുന്നിൽ സമരപരിപാടികൾക്ക് ഇന്ന് തുടക്കം കുറിക്കും. വൈദികരും വിശ്വാസികളും റിലേ സത്യാഗ്രഹം അനുഷ്ഠിക്കും. മീനങ്ങാടി മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് 15ന് തുടക്കമാകും. വിശ്വാസികൾ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്കും ഗവർണർക്കും സമർപ്പിക്കും.
അനുകൂലമായ നിലപാടുകൾ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ജനുവരി ഒന്നുമുതൽ സെക്രട്ടേറിയറ്റ് പടിക്കൽ സഭാവിശ്വാസികളും വൈദികരും അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി കൺവീനർ തോമസ് മോർ അലക്‌സന്ത്രയോസ് പറഞ്ഞു. സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സർക്കാരിനെതിരെയല്ല നീതി ലഭിക്കാൻ വേണ്ടിയാണ് തങ്ങളുടെ സമരമെന്ന് സഭ സെക്രട്ടറി പീറ്റർ കെ. ഏലിയാസ് പറഞ്ഞു. പോൾ വട്ടവേലിൽ, സി.കെ. ഷാജി ചൂണ്ടയിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രാർത്ഥനയ്ക്ക് എത്തുന്നവരെ തടയില്ല: ഓർത്തഡോക്‌സ് സഭ
കൊച്ചി: യാക്കോബായക്കാർ പള്ളികളിൽ പ്രാർത്ഥനയ്ക്ക് എത്തിയാൽ തടയില്ലെന്ന് ഓർത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യോഹനോൻ മാർ ദിയോസ്കോറസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരുടെയും ആരാധനാ സ്വാതന്ത്രം വിലക്കുകയോ പള്ളികളിൽനിന്ന് പുറത്താക്കുകയോ ചെയ്യില്ല. സമാധാനപരമായി പ്രാർത്ഥിക്കാനെത്തുന്ന വിശ്വാസികളെ എല്ലാ പള്ളികളിലും സ്വാഗതം ചെയ്യുന്നു. എന്നാൽ സഭയുടെ ഭരണഘടന അനുസരിച്ച് ഭരണം നടത്തുന്ന പള്ളികളിലെ സമാധാനം നശിപ്പിക്കുവാനും അവ പൂട്ടിക്കാനുമുള്ള നീക്കത്തെ നിയമപരമായി നേരിടും.
യാക്കോബായ- ഓർത്തഡോക്‌സ് സഭാതർക്കത്തിന് ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണാനാകുമെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി വിളിച്ചുചേർത്ത ചർച്ചയിൽ പങ്കെടുത്തത്. മൂന്നുവട്ടം നടത്തിയ ചർച്ചയും പരാജയമായിരുന്നു. സുപ്രീംകോടതിവിധി കാറ്റിൽ പറത്തിയുളള ഒത്തുതീർപ്പുകൾക്കാണ് യാക്കോബായ സഭാനേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നിലവിൽ യാക്കോബായസഭ നിയമത്തെ വെല്ലുവിളിച്ചും കോടതിവിധി ലംഘിച്ചും പള്ളികൾ കൈയേറുമെന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോഴും സർക്കാർ ഇതിനുനേരെ കണ്ണടയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഓർത്തഡോക്‌സ് വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ജോൺസ് എബ്രഹാം കോനാട്ട് പങ്കെടുത്തു.