പറവൂർ: മാസങ്ങൾക്കു ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പെന്ന് എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൻ.ഡി.എ പറവൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനും മൂത്തകുന്നം ഡിവിഷൻ സ്ഥാനാർത്ഥിസംഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.ഡി.എയുടെ ഓരോ സ്ഥാനാർത്ഥികൾക്കും ആത്മാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും വിടുകളിൽ കയറി വോട്ടുചോദിക്കാനുള്ള അവസരമുള്ളപ്പോൾ ഇടതും - വലതും സ്ഥാനാർത്ഥികൾക്ക് മുഖംമറച്ചും തലയിൽ മുണ്ടിട്ടും ചെല്ലേണ്ടസ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത്. കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ - ക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങൾ എല്ലാ വീടുകളിലുമെത്തിയട്ടുണ്ട്. ഇതിനാൽ നല്ല സ്വീകാര്യതയാണ് എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത്. ആരു ഭരിക്കുന്നു എന്നല്ല നാടിന്റെ സമഗ്ര വികസനമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ചരിത്രത്തിൽ ഇത്രയധികം പദ്ധതികളും ഫണ്ടും കേരളത്തിന് നൽകിയ ഒരു കേന്ദ്രസർക്കാർ ഇതിനു മുമ്പുണ്ടായിട്ടില്ല. എന്തിട്ടും ഇടതും വലതും കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് കുടുതൽ സമയം കണ്ടെത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ കാഴ്ചവെച്ച നേട്ടത്തേക്കാൾ ഞെട്ടിക്കുന്നതായിരിക്കും തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് ഫലമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ജെ.പി പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ വി. ഗോപകുമാർ, നീലകണ്ഠൻ, ബേബി റാം, എ.ബി. ജയപ്രകാശ്, പി.എസ്. ജയരാജ്, സി.എൻ. രാധാകൃഷ്ണൻ, എം.പി. ബിനു, പ്രൊഫ. എം. മോഹൻ, സജീവ് ചക്കുമരശേരി, ഷീബുലാൽ, പ്രവീൺ കുഞ്ഞിത്തൈ തുടങ്ങിയവർ സംസാരിച്ചു.