ldf

തൃപ്പുണിത്തുറ: തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനുള്ള തിരിച്ചടിയും ബി.ജെ.പിയ്ക്കുള്ള താക്കീതുമായി മാറുമെന്ന് സി.പി.എം ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് നേതൃത്വത്തിൽ തൃപ്പൂണിത്തുറ നഗരസഭയിലേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ സംഗമവും പ്രകടനപത്രികയുടെ പ്രകാശനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. പാർലമെന്റിനെ നിശബ്ദമാക്കിയ ബി.ജെ.പി ക്ക് തെരുവുകളെ നിശബ്ദമാക്കാനാവില്ല എന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് കർഷക സമരം .ബി.ജെ.പിക്ക് എതിരായ ഈ ശബ്ദം കോൺഗ്രസിന്റേതല്ല. ഇടതുപക്ഷത്തിന്റെയാണ്. ബീഹാർ തിരഞ്ഞെടുപ്പ് ഇത് തെളിയിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ എ.ലതാനാഥൻ അദ്ധ്യക്ഷനായിരുന്നു. എം.സ്വരാജ് എം.എൽ.എ ,സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ,മോഹനൻ, സി.എൻ.സുന്ദരൻ ,ഏരിയാ സെക്രട്ടറി പി. വാസുദേവൻ,കുമ്പളം രാജപ്പൻ എന്നിവർ സംസാരിച്ചു.