
പെരുമ്പാവൂർ: പെരുമ്പാവൂരിനെ വീണ്ടും യു.ഡി.എഫ് ശക്തിദുർഗമാക്കാൻ കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന ടി എച്ച്. മുസ്തഫയുടെ മകനും കെ.പി.സി.സി ജന. സെക്രട്ടറിയുമായ ടി.എം സക്കീർ ഹുസൈന്റെ പോരാട്ടം സംസ്ഥാനത്ത് തന്നെ ശ്രദ്ധയാകർഷിക്കുന്നു.
നഗരസഭാ ഭരണം തിരിച്ചുപിടിക്കുകയാണ് സക്കീറിന്റെ ദൗത്യം. 21ാം വാർഡ് അതുകൊണ്ട് തന്നെ തീപാറുന്ന മത്സരത്തിന് സാക്ഷ്യം വഹിക്കുന്നു. നഗരസഭ പിടിച്ചാൽ സക്കീർ ചെയർമാനാകുമെന്ന വിശ്വാസമാണ് പിന്നിൽ.
കെ.എസ്.യുക്കാരനായി സ്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി തലങ്ങളിൽ പലവട്ടം വെന്നിക്കൊടി പാറിച്ചിട്ടുണ്ടെങ്കിലും പാർലമെന്ററി രംഗത്ത് ഇത് കന്നി അങ്കമാണ്. പെരുമ്പാവൂർ ആശ്രമം ഹൈസ്‌ക്കൂളിൽ അഞ്ചാം ക്‌ളാസ് പ്രതിനിധിയായി തുടങ്ങിയതാണ് സക്കീറിന്റെ രാഷ്ട്രീയം.
കളമശേരി സെന്റ് പോൾസ് കോളേജിൽ എസ്.എഫ്.ഐ കുത്തക തകർത്ത് സ്റ്റുഡന്റ് എഡിറ്ററായി. അന്ന് 14 ൽ 13 സീറ്റും നേടി മുൻ എം.പി. പി.രാജീവിന്റെ എസ്.എഫ്.ഐ പാനലിനെ തറപറ്റിച്ചു. പിന്നീട് യൂണിയൻ ചെയർമാനും യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറും യൂണിവേഴ്‌സിറ്റി യൂണിയൻ ജോ. സെക്രട്ടറിയുമായി.
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി, കെ.പി.സി.സി. ജനറൽ സെക്രട്ടറി എന്നീ പദവികളും വഹിച്ചു. പല കോൺഗ്രസ് നേതാക്കളുടെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ച് വിജയിപ്പിച്ച ആത്മവിശ്വാസവുമായാണ് സക്കീറിന്റെ കന്നിയങ്കം.
പ്രൊഫ. ആന്റണി ഐസക്ക് എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ മൽസരിച്ചപ്പോൾ പൂർണചുമതല സക്കീറിനായിരുന്നു. പി.സി. ചാക്കോയ്ക്കും ബെന്നി ബഹനാനും വേണ്ടി ചാലക്കുടിയിലും ചുക്കാൻപിടിച്ചു. വാർഡ് തിരഞ്ഞെടുപ്പ് അതിനേക്കാളൊക്കെ കഠിനമാണെന്നാണ് സക്കീർ പറയുന്നത്.
കൊവിഡ് കാലത്തും രണ്ട് പ്രളയകാലത്തും ഓഖി ദുരന്തമുണ്ടായപ്പോഴും സഹായഹസ്തവുമായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ സക്കീർ രംഗത്തിറങ്ങിയിരുന്നു. പട്ടാലിൽ ഈയിടെ ഒരു കുടുംബത്തിന്റെ മുഴുവൻ വിവാഹച്ചെലവുകളും വഹിച്ചും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ജനങ്ങളുടെ സ്നേഹവിശ്വാസങ്ങളും വിപുലമായ സൗഹൃദങ്ങളും പിതാവ് ടി.എച്ച്.മുസ്തഫയുടെ സ്വാധീനവും തന്നെ തുണയ്ക്കുമെന്നാണ് സക്കീറിന്റെ വിലയിരുത്തൽ.
സി. ഐ.ടി.യു ഏരിയാ സെക്രട്ടറിയും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമായ കെ.ഇ നൗഷാദും, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗവുമായ പി.മനോഹരനുമാണ് എതിർസ്ഥാനാർത്ഥികൾ.