
ഫോർട്ടുകൊച്ചി: സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പാരഡി പാട്ട് പ്രചാരണം അല്പം ചെലവ് പിടിച്ച കാര്യമാണ്. പലപ്പോഴും സ്വതന്ത്രർ തങ്ങളുടെ പ്രചാരണം പോസ്റ്ററിലും നോട്ടീസിലും ഒതുക്കുകയാണ് ചെയ്യുക. എന്നാൽ പാരഡി പാട്ടില്ലാതെ പിടിച്ച് നില്ക്കാൻ പറ്റുന്നില്ലെങ്കിൽ എന്ത് ചെയ്യുമെന്ന് മട്ടാഞ്ചേരി ഈരവേലിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി അനീഷിനോടാരും ചോദിക്കില്ല. കാരാണം, തന്റെ പ്രചരണ ഗാനം ഒരുക്കുന്നതും പാടുന്നതുമെല്ലാം അനീഷ് തന്നെയാണ്. പാരഡിഗാനം എഴുതുന്നതിനും പാടുന്നതിനും മേഖലയിലുള്ളവർ നല്ലൊരു തുക ആവശ്യപ്പെട്ടതോടെയാണ് അനീഷ് സ്വന്തമായി പാരഡി എഴുതാനും പാടാനും തീരുമാനിച്ചത്. മൂന്ന് മുന്നണികളെ വിമർശിച്ചും മട്ടാഞ്ചേരിയിലെ വികസന മുരടിപ്പും ചൂണ്ടിക്കാട്ടുന്നതാണ് ഗാനങ്ങളെല്ലാം. ഏതാനും ദിവസങ്ങൾ കൊണ്ട് ചിട്ടപ്പെടുത്തിയ പാട്ട് ജനങ്ങൾ ഏറ്റെടുത്തതായി അനീഷ് പറയുന്നു.കൊച്ചിൻ കോർപ്പറേഷൻ മൂന്നാം ഡിവിഷനാണ് ഈരവേലി. കാലാകാലങ്ങളായി നാട് നേരിടുന്ന അവഗണനയിൽ മനം മടുത്താണ് അനീഷ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. വിജയിച്ചാൽ മേഖലയിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുകയും ചേരി വികസനവും നടപ്പാക്കുകയും ചെയ്യുമെന്നാണ് അനീഷിന്റെ വാഗ്ദാനം. ഈരവേലിയിൽ യു.ഡി.എഫിനായി കെ.ആർ.രജീഷും എൽ.ഡി.എഫിനായി പി.എം.ഇസ്മുദ്ദീനുമാണ് ജനവിധി തേടുന്നത്. വാശിയേറിയ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്.