
കൊച്ചി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദേശീയതലത്തിൽ നടത്തുന്ന സമരത്തിനു പിന്തുണ അർപ്പിച്ച് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെയും ഗാന്ധിയൻ കളക്ടീവിന്റെയും ആഭിമുഖ്യത്തിൽ ധർണ സംഘടിപ്പിച്ചു. കച്ചേരിപ്പടി ഗാന്ധി കോർണറിൽ നടന്ന യോഗം അഖിലേന്ത്യ കിസാൻ സംഘർഷ് സമിതിയുടെ നേതാവ് പി.ടി. ജോൺ ഉദ്ഘാടനം ചെയ്തു. ഏതാനും കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾക്കു വേണ്ടി രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകരെ തീരാദുരിതത്തിലേക്കും അത്മഹത്യയിലേക്കും കേന്ദ്രം തള്ളിവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതുവരെ സമരത്തിൽ നിന്ന് കർഷകർ പിന്മാറില്ല. നിർദ്ദിഷ്ട കർഷകനിയമങ്ങൾ കേരളത്തിലെ പൊതു വിതരണ സമ്പ്രദായം താറുമാറാക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സി.ആർ. നീലകണ്ഠൻ പറഞ്ഞു. മാത്യുസ് പുതുശേരി അദ്ധ്യഷത വഹിച്ചു. ജിയോ ജോസ്, കെ.കെ. ഗോപി. (സർവോദയ മണ്ഡലം), ജ്യോതി നാരായണൻ (സ്ത്രീവേദി), മരിയ, കെ.ബി. വേണുഗോപാലൻ (സ്വരാജ് ഇന്ത്യ), രാജേന്ദ്രപ്രസാദ് (ഗോത്രഭൂമി), അഡ്വ. ഷൈജൻ ജോസഫ്, ലൈല റഷീദ്, വി.എം.കെ. രാമൻ തുടങ്ങിയവർ സംസാരിച്ചു.