flat

കൊച്ചി: ശേഷിക്കുന്നത് രണ്ട് ദിവസം. കയറേണ്ടത് അമ്പതിലധികം ഫ്ലാറ്റുകൾ. കൊവിഡ് പ്രോട്ടോകാൾ പാലിച്ചുള്ള തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ബാലികേറാമലയായി നഗരത്തിലെ ഫ്ലാറ്റുകൾ. കൊച്ചി നഗരത്തിൽ സ്ഥാനാർത്ഥിക്ക് പ്രവേശനാനുമതിയുള്ളതും ഇല്ലാത്തതുമായ ഫ്ലാറ്റുകളുണ്ട്. അനുമതിയുള്ള ഫ്ലാറ്റുകളിൽ ഒരു ആദ്യഘട്ടം പ്രചാരണം പലരും പൂർത്തിയാക്കി. രണ്ടാംഘട്ട വോട്ട് അഭ്യർത്ഥനയ്ക്കായുള്ള ഓട്ടമാണിപ്പോൾ. പ്രവേശനാനുമതി ഇല്ലാത്ത ഫ്ലാറ്റുകളിലെ വോട്ട‌ർമാരെ ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയുമാണ് സ്ഥാനാർത്ഥികൾ ബന്ധപ്പെട്ട് വോട്ട് ഉറപ്പിക്കുന്നത്.

മുമ്പത്തെ പോലെ നേരിട്ട് ഫ്ലാറ്റിലേക്ക് കയറിച്ചെല്ലാനാകില്ല. ഫ്ലാറ്റുകളിലെ അസോസിയേഷൻ ഭാരവാഹികളോ സെക്യൂരിറ്റി ജീവനക്കാർ മുഖേനയോ വേണം വോട്ടർമാരെ സമീപിക്കാൻ. സ്ഥാനാർത്ഥിയും കൂടെ ഒരാളെയും മാത്രമാണ് ഫ്ലാറ്റുകളിലേക്ക് അനുവദിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളും ഹരിതചട്ടവും പാലിച്ചാണ് പ്രചാരണം. സന്ദർശക മുറികളിലാണ് സ്ഥാനാർത്ഥികൾ വോട്ടർമാരെ കാണുന്നത്. കുട്ടികളും മുതിർന്നവരും വീടുകളിലുള്ളതിനാൽ അകത്തേക്ക് എത്തുന്നതിൽ ഫ്ലാറ്റ് നിവാസികൾക്കും താത്പര്യമില്ല. ഒരോ കുടുംബത്തിലെയും ഒരാളെ മാത്രം കണ്ട് വോട്ട് ഉറപ്പിക്കുന്ന സ്ഥാനാർത്ഥികളുമുണ്ട്. കൂടുതൽ പേരുള്ള വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമാണ് ഫ്ലാറ്റുകളിൽ സ്ഥാനാർത്ഥികൾ എത്തുന്നത്. നോട്ടീസുകൾ, പ്രകടനപത്രികകൾ, അഭ്യർത്ഥനകൾ എന്നിവ അസോസിയേഷൻ ഭാരവാഹികളെയോ സെക്യൂരിറ്റി ജീവനക്കാരെയോ ഏല്പിക്കും. ഒന്നിൽ കൂടുതൽ തവണ ഫോണിൽ ബന്ധപ്പെടുന്ന സ്ഥാനാർത്ഥികളുമുണ്ട്. താമസക്കാരുടെ അനുമതിയോടെ ഫോൺ നമ്പർ ശേഖരിച്ച് വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പ്രചരണം കൊഴുപ്പിക്കുകയാണ് മറ്റൊരു കൂട്ടർ.

സുരക്ഷ ഉറപ്പാക്കി

ഫ്ലാറ്റുകൾ കൂടുതലുള്ള എറണാകുളം സെൻട്രലിൽ പ്രചാരണം കൂടുതൽ കാര്യക്ഷമായാണ് ചെയ്തത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് ഫ്ലാറ്റുടമകളുടെ നമ്പറുകളിൽ ബന്ധപ്പെട്ട ശേഷമാണ് കാണാനായി ചെന്നത്. പലർക്കും സ്ഥാനാർത്ഥി നേരിട്ടെത്തുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. കൂടുതൽ പേർ ഒപ്പം എത്തുന്നത് പൂർണമായും ഒഴിവാക്കിയിരുന്നു. അതുകൊണ്ട് തന്നെ പ്രചരണം കൂടുതൽ സുരക്ഷിതമായും കാര്യക്ഷമമായും നടന്നു.

ഗ്രേസി ജോസഫ്
യു.ഡി.എഫ് സ്ഥാനാർത്ഥി
എറണാകുളം സെൻട്രൽ ഡിവിഷൻ