കളമശേരി : ഏലൂർ നഗരസഭയിലെ വടക്കൻ മേഖലയായ മേത്താനം പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. നാല് ദിവസത്തോളമായി ഇവിടെ കുടിവെള്ളം എത്തിയിട്ട്. കൊവിഡ് പശ്ചാത്തലത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഫാക്ട് പമ്പ് ഹൗസിൽ നിന്ന് ഒന്നര എം.എൽ.ഡി. വെള്ളം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അതും കിട്ടുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജനപ്രതിനിധികളും വീണ്ടും മത്സരിക്കുന്നവരും മടിക്കുകയാണെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു. കുടിവെള്ള പ്രശ്നം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ തിരഞ്ഞടുപ്പ് ബഹിഷ്കരിക്കുമെന്ന് മേത്താനം പ്രദേശത്തെ ജനങ്ങൾ പറഞ്ഞു.