 
പറവൂർ: ഒരുകാലത്ത് ഇടതു മുന്നണിയുടെ കോട്ടയായിരുന്ന വടക്കേക്കരയിൽ യു.ഡി.എഫും ബി.ജെ.പിയും കടന്നുകയറിയതോടെ ഇത്തവണ ഫലം പ്രവചനാതീതം.
1995ൽ മാത്രമാണ് കോൺഗ്രസിന് ആദ്യമായി ജയിക്കാനായത്. തുടർന്നുള്ള നാല് തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിനായിരുന്നു ജയം. 2015ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞു. യു.ഡി.എഫ് എല്ലാ വാർഡുകളിലും ശക്തിയാർജിച്ചു. ഭൂരിഭാഗം ബൂത്തുകളിലും ബി.ജെ.പി വോട്ടുകൾ ഇരട്ടിയിലധികം വർദ്ധിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എസ്. അനിൽകുമാർ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പടവുകൾ കയറിയ നേതാവാണ്. നീറിക്കോട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ അനിൽകുമാർ വടക്കുംപുറം സ്വദേശിയാണ്. 2005 ൽ ചേന്ദമംഗലം പ്രസിഡന്റായിരുന്നു. സി.പി.എം ഏരിയ കമ്മിറ്റിയംഗമായ അനിൽ നിരവധി സംഘടനകളുടെ നേതൃനിരയിലുണ്ട്.
കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ടി.കെ. ബിനോയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മാല്യങ്കര എസ്.എൻ.എം കോളേജ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് തുടക്കം. വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, എൽ.ഐ.സി അഖിലേന്ത്യ ഫെഡറേഷൻ എറണാകുളം ഡിവിഷൻ പ്രസിഡൻറുമാണ്.
എൻ.ഡി.എ സ്ഥാനാർത്ഥി എം.പി. ബിനു ബി.ഡി.ജെ.എസ് പറവൂർ നിയോജക മണ്ഡലം പ്രസിഡന്റാണ്. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗമായ ബിനു നിരവധി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലുണ്ട്. 2015ൽ ചിറ്റാറ്റുകര പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്വതന്ത്രനായി കന്നിയംഗത്തിൽ രണ്ടാം സ്ഥാനത്തെത്തി. ബിനുവിന്റെ സ്ഥാനാർത്ഥിത്വമാണ് മുമ്പൊരിക്കലുമാല്ല വിധം മൂത്തകുന്നം ഡിവിഷനിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയത്. ജില്ലയുടെ വടക്കേയറ്റമായ വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം, പുത്തൻവേലിക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലെ 52 വാർഡുകളാണ് മൂത്തകുന്നം ഡിവിഷൻ. തീരദേശ മേഖലയായ ഇവിടെ അറുപത്തി അയ്യായിരത്തോളം വോട്ടർമാരുണ്ട്.