
കൊച്ചി: സി.പി.എം കളമശേരി ഏരിയാ മുൻ സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ അനധികൃത സ്വത്ത് സമ്പാദിക്കുകയും സംശയകരമായ വിദേശയാത്രകൾ നടത്തുകയും ചെയ്തതായി കണ്ടെത്തിയ പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തായി. രണ്ട് സെന്റിലെ വീട്ടിൽ താമസിച്ചിരുന്ന സക്കീർ ഹുസൈൻ 10 വർഷത്തിനിടെ അഞ്ച് വീടുകളാണ് സ്വന്തമാക്കിയത്. 76 ലക്ഷം രൂപയ്ക്കാണ് ഒടുവിൽ വീട് വാങ്ങിയത്. ഇതിന് വേണ്ടി 65 ലക്ഷം വായ്പയെടുത്തെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സക്കീറിനെ നിയന്ത്രിക്കാൻ ഏരിയാകമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ ഒരു സ്വകാര്യ ചാനലിലൂടെയാണ് റിപ്പോർട്ട് പുറത്തുവന്നത്. പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി അന്വേഷണം നടത്തി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് സക്കീറിനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാന സമിതിയംഗം സി.എം. ദിനേശ് മണി, ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആർ. മുരളീധരൻ എന്നിവരാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പ്രധാന കണ്ടെത്തലുകൾ
• നാലു വീടുകൾ വാങ്ങിക്കൂട്ടി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സക്കീർ 2018 ൽ 76 ലക്ഷം രൂപയുടെ ഒരു വീട് കൂടി വാങ്ങി.
• ബാങ്കുകളിൽ നിന്നും വ്യക്തികളിൽ നിന്നുമായി 65 ലക്ഷം രൂപ വായ്പയെടുത്തു.
• മുമ്പ് വാങ്ങിയ വീടുകൾക്കും പുതിയ വീടിനുമുള്ള വായ്പ തിരിച്ചടയ്ക്കാനുള്ള വരുമാനം സക്കീറിന്റെ കുടുംബത്തിനില്ല
• പത്തു വർഷത്തിനിടെയാണ് ഇത്രയും വീടുകൾ വാങ്ങിയത്. ഇക്കാലത്ത് രണ്ടു കമ്മിഷനുകൾ അന്വേഷിച്ചെങ്കിലും തെറ്റ് തിരുത്താൻ സക്കീറിനായില്ല.
• 2016ലെ വിദേശയാത്ര പാർട്ടിയെ അറിയിച്ചില്ല. ദുബായിൽ പോയെന്നായിരുന്നു വിശദീകരണം. പാസ്‌പോർട്ട് പ്രകാരം പോയത് ബാങ്കോക്കിലേക്ക്.
• ജില്ലാ കമ്മിറ്റി അംഗം വീടു വാങ്ങുമ്പോൾ പാർട്ടി അനുമതി വാങ്ങണമെന്നത് പാലിച്ചില്ല.
• വിദേശത്ത് പോകാൻ സംസ്ഥാന കമ്മിറ്റിയുടെ അനുമതി വേണം.
• സക്കീറിന് വേറെ വീടുകളുണ്ടെന്ന് ഏരിയാ കമ്മിറ്റിക്ക് അറിയാമായിരുന്നു.
മാർച്ചിൽ സസ്പെൻഡ് ചെയ്തു
സക്കീറിനെതിരെ കളമശേരി സ്കൂൾ ബ്രാഞ്ച് സെക്രട്ടറി കെ.കെ. ശിവനാണ് പാർട്ടിക്ക് 2019 ജൂണിൽ പരാതി നൽകിയത്. റിപ്പോർട്ട് ലഭിച്ച ജില്ലാ കമ്മിറ്റി 2020 മാർച്ചിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. സക്കീറിന്റെ വിശദീകരണം ജൂലായിൽ തള്ളി. തുടർന്ന് ആറു മാസത്തേക്ക് പാർട്ടി അംഗത്വം സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു.
ബിനീഷുമായും ബന്ധമെന്ന് ഇ.ഡിക്ക് പരാതി
സക്കീർ ഹുസൈന്റ അനധികൃത സ്വത്ത് സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കളമശേരിയിലെ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു പരാതി നൽകി.പാർട്ടി സ്ഥാനം മറയാക്കി ക്രിമിനൽ കേസുകൾ ഒത്തുതീർത്തും അട്ടിമറിച്ചും ക്വട്ടേഷൻ നടത്തിയുമാണ് കള്ളപ്പണം സമ്പാദിക്കുന്നത്. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.