
കൊച്ചി: സാരികൾ കൂട്ടിക്കെട്ടി ഫ്ളാറ്റിന്റെ ആറാം നിലയിലെ ബാൽക്കണിയിൽ ബന്ധിച്ച് അതിലൂടെ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് നിലത്തുവീണ വേലക്കാരി തമിഴ്നാട് കടലൂർ സ്വദേശിനി കുമാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നത്. എന്തിനാണ് ബാൽക്കണിയിലൂടെ സാഹസപ്പെട്ട് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് വ്യക്തമാകണമെങ്കിൽ കുമാരിയുടെ മൊഴിയെടുക്കണം. അബോധാവസ്ഥയിലായതിനാൽ പൊലീസിന് മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. കേസും രജിസ്‌റ്റർ ചെയ്‌തില്ല. കുമാരിയുടെ ഭർത്താവ് ഇന്ന് കൊച്ചിയിലെത്തും.
കഴിഞ്ഞ ദിവസം എറണാകുളം മറൈൻഡ്രൈവിലുള്ള ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിലായിരുന്നു സംഭവം. ഫ്ളാറ്റ് അസാേസിയേഷൻ സെക്രട്ടറിയും ഹൈക്കോടതി അഭിഭാഷകനുമായ ഇംതിയാസിന്റെ ഫ്ളാറ്റിലെ ജോലിക്കാരിയായിരുന്നു. അടുക്കളയിൽ കിടന്നുറങ്ങിയ കുമാരി വാതിൽ അകത്തുനിന്ന് പൂട്ടിയശേഷം ബാൽക്കണിയിലെ കൈവരിയിൽ സാരി കെട്ടിയശേഷം താഴേക്കിറങ്ങുകയായിരുന്നു.