
കൊച്ചി: പരസ്യപ്രചാരണം തീരാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും മൂർദ്ധന്യത്തിൽ. പ്രചാരണത്തിലെ അവസാന ഞായറായിരുന്ന ഇന്നലെ സ്ഥാനാർത്ഥികളും സ്‌ക്വാഡുകളും വീടുകൾ തോറും കയറിയിറങ്ങി പരമാവധി വോട്ടുകൾ ഉറപ്പാക്കുന്ന തിരക്കിലായിരുന്നു. മൈക്ക് അനൗൺസ്‌മെന്റും താളമേളങ്ങളും കൊണ്ട് പ്രചാരണം കൊഴുപ്പിച്ചു.
എറണാകുളം ജില്ല ശക്തമായ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇടതു, വലതു മുന്നണികളും എൻ.ഡി.എയും മുൻകാലങ്ങളിലേക്കാൾ ശക്തമായ വോട്ടു പിടുത്തമാണ് ഇക്കുറി നടത്തുന്നത്. കൊവിഡ് പ്രോട്ടോക്കോൾ തടസങ്ങൾ മറികടന്നും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രചാരണമാണ് തുടരുന്നത്.
പ്രചാരണം നാളെ വരെ
വ്യാഴാഴ്ചയാണ് ജില്ലയിൽ വോട്ടെടുപ്പ്. നാളെ പരസ്യപ്രചാരണം അവസാനിക്കും. തങ്ങൾക്ക് ലഭിക്കുന്ന വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി കൂടുതൽ വോട്ടുകൾ മറിയ്ക്കാനുള്ള തന്ത്രങ്ങളാണ് അവസാനഘട്ടത്തിൽ തുടരുന്നത്. മറിയാൻ സാദ്ധ്യതയുള്ള വോട്ടുകളിൽ പ്രത്യേകം കണ്ണുവച്ചാണ് നീക്കമെന്ന് നേതാക്കൾ പറയുന്നു. തീവ്രമായ പ്രചാരണമാണ് ഇന്നലെ നടന്നത്. ഞായറാഴ്ചയായതിനാൽ വീടുകളിലെത്തി പരമാവധി വോട്ടർമാരെ നേരിൽ കാണാനായിരുന്നു ശ്രമം. പുലർച്ചെ ആറു മുതൽ സ്ഥാനാർത്ഥികളും പ്രവർത്തകരും വീടുകളിലെത്തി. മൂന്നുപേരിൽ ഒതുക്കേണ്ടതിനാൽ ഒന്നിലേറെ സ്‌ക്വാഡുകളാണ് ഓരോ സ്ഥാനാർത്ഥിക്കും വേണ്ടി രംഗത്തിറങ്ങിയത്. നിശ്ചിത ഇടവേളകളിൽ വീടുകളിൽ എത്തുകയെന്നതായിരുന്നു രീതി. സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികളെയും സ്‌ക്വാഡുകളിൽ ഉൾപ്പെടുത്തിയിരുന്നു.ഗ്രാമീണ മേഖലകളിൽ ത്രിതല സ്ഥാനാർത്ഥികൾക്കായി ചെറിയ ജാഥകൾ അരങ്ങേറി. മൈക്ക് അനൗൺസ്‌മെന്റ് ഉൾപ്പെടെ നാടിന്റെ മുക്കിലും മൂലയിലും പ്രചാരണം കൊഴുക്കുകയാണ്. നാളെ കൊട്ടിക്കലാശമില്ലെങ്കിലും തങ്ങളാണ് മുന്നിലെന്ന് കാണിക്കാനുള്ള തന്ത്രങ്ങളാണ് പാർട്ടികളും സ്ഥാനാർത്ഥികളും തുടരുന്നത്. പാർട്ടികളുടെ സംസ്ഥാനതല നേതാക്കൾ ജില്ലയിൽ പര്യടനം തുടരുകയാണ്.
പ്രതീക്ഷയിൽ മുന്നണികൾ
പൊതുവെ യു.ഡി.എഫ് അനുഭാവം പ്രകടിപ്പിക്കുന്ന ജില്ലയിൽ അട്ടിമറി ജയമാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. പിണറായി വിജയൻ സർക്കാരിന്റെ ജനക്ഷേമ പരിപാടികൾക്ക് മുൻതൂക്കം നൽകിയാണ് പ്രചാരണം. പ്രളയത്തിലും കൊവിഡിലും ക്ഷേമപദ്ധതികളിലും നടത്തിയ പ്രവർത്തനങ്ങൾ വോട്ടാക്കി മാറ്റാനാണ് ശ്രമം.ജില്ലയുടെ പൊതുവായ അനുഭാവത്തിൽ തന്നെയാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. മുൻതവണത്തെപ്പോലെ ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും ഭരണം നിലനിറുത്താൻ കഴിയുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളും കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങളും ഉന്നയിക്കുമ്പോൾ തന്നെ ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ നടത്തിയ വികസനപ്രവർത്തനങ്ങളും വോട്ടാക്കി മാറ്റാനാണ് ശ്രമം.
ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ വലിയ പ്രതീക്ഷയിലാണ്. കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കുമെന്നാണ് വിലയിരുത്തൽ. ചിലയിടത്ത് ഭരണം നിർണയിക്കുന്ന ശക്തിയായും മാറാമെന്നാണ് പ്രതീക്ഷ. ഒപ്പം കൂടുതൽ സീറ്റുകളിൽ വിജയവും പ്രതീക്ഷിക്കുന്നു. ബി.ഡി.ജെ.എസിലൂടെ കൂടുതൽ വോട്ടുകൾ ഇക്കുറി ലഭിക്കുമെന്നാണ് എൻ.ഡി.എ നേതാക്കളുടെ പ്രതീക്ഷ.