yacobite

കൊച്ചി: നീതിനിഷേധങ്ങൾക്കും കൈയേറ്റങ്ങൾക്കുമെതിരെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം 52 പള്ളികൾക്ക് മുൻപിൽ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിച്ചു. ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ പള്ളികൾക്ക് മുൻപിലാണ് വിശ്വാസികൾ, വികാരിമാർ, ട്രസ്റ്റിമാർ, പ്രതിനിധികൾ തുടങ്ങിയവർ സത്യഗ്രഹം ആരംഭിച്ചത്.

ഇടുക്കി ജില്ലയിലെ മുളപ്പുറം സെന്റ് ജോർജ് ബഥേൽ യാക്കോബായ സുറിയാനി പള്ളിക്ക് സമീപം പന്തൽകെട്ടി സത്യാഗ്രഹം നടത്തിയ യാക്കോബായ വിഭാഗത്തെ പൊലീസ് തടഞ്ഞു.

സഭാ ആസ്ഥാനമായ പുത്തൻകുരിശ് വരിക്കോലി സെന്റ് മേരീസ് പള്ളി, പിറവം വലിയ പള്ളി, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി, മുളന്തുരുത്തി പള്ളി തുടങ്ങിയവയ്ക്ക് മുൻപിലും പ്രതിഷേധറാലി സംഘടിപ്പിച്ചു.

കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രലിൽ തോമസ് അലക്സാന്ത്രയോസ് മെത്രാപ്പോലീത്ത, പെരുമ്പാവൂർ ബഥേൽ സുലോക്ക പള്ളിയിൽ ക്രിസോസ്റ്റമോസ് മർക്കസ് മെത്രാപ്പോലീത്ത, മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളിയിൽ സഭാ ട്രസ്റ്റി സി.കെ. ഷാജി, വൈദിക ട്രസ്റ്റി സ്ളീബപോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ എന്നിവർ നേതൃത്വം നൽകി.

ഓർത്തോക്സ് വിഭാഗത്തിന് കൈമാറിയ പള്ളികളിൽ അടുത്ത ഞായറാഴ്ച തിരിച്ചുകയറാനും യാക്കോബായ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. പള്ളികളിലും സെമിത്തേരികളിലും കയറി പ്രാർത്ഥിക്കും. 15 ന് സെക്രട്ടറിയേറ്റിന് മുൻപിൽ മെത്രാപ്പോലീത്തമാരും വികാരിമാരും വിശ്വാസികളും അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിക്കുമെന്ന് സഭാ അധികൃതർ അറിയിച്ചു.