ezhattumukam-

കൊച്ചി: അതിരപ്പിള്ളിയും വാഴച്ചാലും കടന്നെത്തുന്ന ചാലക്കുടിപ്പുഴ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് ഏഴാറ്റുമുഖത്ത്. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിച്ച് സന്ദർശകരെ സ്വീകരിക്കാൻ ഏഴാറ്റുമുഖം പ്രകൃതിഗ്രാമം സജ്ജമായി. ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ചാലക്കുടിപ്പുഴയുടെ തീരത്ത് പ്രകൃതിയിൽ ലയിച്ച് കുറച്ചു സമയം ചിലവിടുക. അതാണ് ഏഴാറ്റുമുഖം പ്രകൃതിഗ്രാമം സന്ദർശകർക്ക് നൽകുന്ന വാഗ്ദാനം. പാർക്കിംഗ് ഗ്രൗണ്ടിനു മുന്നിൽത്തന്നെ മരത്തിനു മുകളിൽ കാണുന്ന ഏറുമാടം സന്ദർശകരുടെ ഹൃദയത്തിൽ ആവേശം നിറയ്ക്കും.

ആനമലയിൽ ഉദ്ഭവിച്ച് കാടും മലകളും പിന്നിട്ട് മദിച്ചാർത്ത് വരുന്ന ചാലക്കുടിപ്പുഴ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾക്കു ശേഷം ഏഴാറ്റുമുഖത്ത് വെച്ച് ശാഖകളായി പിരിഞ്ഞ് എഴുനദികൾ പോലെ ഒഴുകിയിരുന്നു. അങ്ങനെയാണത്രേ ഏഴാറ്റുമുഖത്തിന് ഈ പേരു കിട്ടിയത്. ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിന്റെ മുഖമുദ്ര ചാലക്കുടിപ്പുഴയുടെ കുറുകെയുള്ള തൂക്കുപാലമാണ്. പടികയറി പാലത്തിൽ എത്തിയാൽ മനോഹരമായ വ്യൂപോയിന്റാണ്. ഏഴാറ്റുമുഖം പ്രകൃതിഗ്രാമം എല്ലാ തരത്തിലുമുള്ള സഞ്ചാരികൾക്കും സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കുടുംബമായി വരുമ്പോൾ കുട്ടികൾക്ക് കളിച്ച് ഉല്ലസിക്കാൻ പ്രത്യേക പാർക്ക് ഉണ്ട്. കനാലിലൂടെ ഒഴുക്കുന്ന ജലത്തിൽ മഴക്കാലമല്ലെങ്കിൽ കുളിക്കുകയുമാകാം. നദിയോട് ചേർന്ന് വൃക്ഷനിബിഡമായ തിട്ടകളുണ്ട്. പാർക്കിന്റെ പല ഭാഗങ്ങളിലും ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്.