neeba
നീബ ബിനേഷ്

• സേവന തൽപ്പരതയോടെ ദമ്പതികൾ

ഉദയംപേരൂർ: ഉദയംപേരൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഇക്കുറി പോരാട്ടം ശ്രദ്ധേയമാണ്. വികസന തുടർച്ചയ്ക്ക് വീണ്ടും മത്സരരംഗത്തേയ്ക്ക് എത്തുന്ന നീബയുടെ സ്ഥാനാർത്ഥിത്വമാണ് വോട്ടർമാരിൽ ആവേശം ജനിപ്പിച്ചിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി നീബ ബിനേഷ് രണ്ടാം തവണയാണ് മത്സരിക്കുന്നത്. 2010ലാണ് ആദ്യമായി മത്സരിച്ചത്. കന്നിയങ്കത്തിൽ തിളക്കമാർന്ന വിജയം. ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട വാർഡ് നീബയിലൂടെ യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. ഇക്കാലയവളിൽ മുമ്പെങ്ങുമില്ലാത്ത വികസന പ്രവർത്തനങ്ങൾ നട‌പ്പാക്കി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതുസമയത്തും നീബ നാട്ടുകാർക്കൊപ്പമായിരുന്നു. നീബയുടെ ജനസേവനത്തിന് കൈത്താങ്ങായി നിഴലുപോലെ ഭർത്താവ് ബിനേഷും കൂടെയുണ്ടായിരുന്നു.

പിന്നീട് 2015ൽ വാർഡ് ജനറൽ സീറ്റായപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് ബിനേഷിനെ. വാർഡിലെ മാറ്റം നേരിട്ടറിഞ്ഞ ജനങ്ങൾ ബിനേഷിന്റെ ഭൂരിപക്ഷം ഇരട്ടിയാക്കി വിജയത്തേരിലേറ്റി. കഴിഞ്ഞ അഞ്ചു വർഷവും നിരവധി വികസനപ്രവർത്തനങ്ങളാണ് ബിനേഷിന്റെ നേതൃപാടവത്തിലൂടെ വാർഡ് കൈവരിച്ചത്. നീബ തുടങ്ങിവച്ചതും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്നതുമായ നിരവധി വികസന പ്രവർത്തനങ്ങൾ ബിനേഷ് പ്രാവർത്തികമാക്കി. വാർഡിലെ എല്ലാ റോഡുകളും മികവുറ്റ നിലയിലാണ്. ഈ നേട്ടങ്ങൾ കഴിഞ്ഞ 10 വർഷത്തെ ദമ്പതികളുടെ മികച്ച പ്രവർത്തനം ഒന്നുകൊണ്ടുമാത്രമാണെന്ന് വോട്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. പത്തുവർഷത്തിനുള്ളിൽ ഇരുപത്തഞ്ചോളം റോഡുകളാണ് പണി പൂർത്തീകരിച്ചത്. കൂടാതെ രണ്ടു റോഡുകൾ റീടാറിംഗും നടത്തി. ഇരുപ്പത്താറോളം വഴികളിൽ പുതിയ വൈദ്യുത ലൈൻ വലിച്ച് വഴി വിളക്കുകൾ സ്ഥാപിച്ചു. ഏഴുവഴികളിൽ കുടിവെള്ള കണക്ഷൻ എത്തിച്ചു. ഇക്കുറി വാർഡ് നിലനിർത്താൻ സുപരിചിതയായ നീബയെ വീണ്ടും കളത്തിലിറക്കാൻ യു.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. വാർഡിലെ ഓരോ വീടും ഓരോ വോട്ടറേയും നീബയ്ക്കറിയാം. അതുപോലെ തന്നെയാണ് വോട്ടർമാർക്കും. തങ്ങളിലൊരാളായി തങ്ങളോടൊപ്പം ഏതുസമയത്തും ഏതുകാര്യത്തിനും ഒപ്പം നിൽക്കുന്ന നീബയുടെ വിജയത്തിനായി കൈയ് മെയ് മറന്ന് കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് നാട്ടുകാരുണ്ട്.