 
ആലുവ: നഗരസഭയിൽ ശക്തമായ പോരാട്ടം നടക്കുന്ന വാർഡുകളിലൊന്നാണ് മദ്രസ 13 -ാം വാർഡ്. നിലനിർത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ എൽ.ഡി.എഫും ശക്തമായി പോരടിക്കുകയാണ്. ഇതിനിടയിൽ അട്ടിമറി പ്രതീക്ഷയോടെ എൻ.ഡി.എയും വെല്ലുവിളി ഉയർത്താൻ ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്.
കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറയും എൽ.ഡി.എഫിനായി ഇ.എ. അബൂബക്കറുമാണ് മത്സരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി എം.കെ. സതീഷും ആം ആദ്മി സ്ഥാനാർത്ഥിയായി ഹക്കീക്കത്ത് ഹമീദുമാണ് മത്സരിക്കുന്നത്. ഇടതു കുത്തകയായിരുന്ന വാർഡ് 2010ൽ ലത്തീഫ് പൂഴിത്തറയിലൂടെയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. അന്ന് നേരിട്ടുള്ള മത്സരത്തിൽ എൽ.ഡി.എഫിലെ പി.ടി. പ്രഭാകരനെ 184 വോട്ടിന് ലത്തീഫ് പരാജയപ്പെടുത്തി. 2015ൽ വനിതാ സംവരണമായപ്പോൾ ലളിത ഗണേശനിലൂടെ യു.ഡി.എഫ് സീറ്റ് നിലനിർത്തി. എൽ.ഡി.എഫിലെ സാജിത കുഞ്ഞുമോനെ 177 വോട്ടിന് ലളിത പരാജയപ്പെടുത്തി. ഇവിടെ ആദ്യമായി മത്സരത്തിനിറങ്ങിയ ബി.ജെ.പിയിലെ ഭീമ വിപിൻ 82 വോട്ട് നേടി.
ഇക്കുറി യു.ഡി.എഫ് സ്ഥാനാർത്ഥി തർക്കങ്ങളില്ലാതെ ആദ്യം പ്രചരണത്തിനിറങ്ങിയ വാർഡുകളിലൊന്നാണിത്. ഡി.സി.സി അംഗം, ആലുവ മർച്ചൻറ്‌സ് അസോസിയേഷൻ വൈസ് പ്രസിഡൻറ്, മേഖല ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് അംഗം എന്നീ നിലകളിലും ലത്തീഫ് പൂഴിത്തറ പ്രവർത്തിക്കുന്നു.
അബൂബക്കറിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാ
 
യി പ്രഖ്യാപിച്ചത് ഏറെ വൈകിയാണെങ്കിലും പ്രവർത്തകരുടെ പിന്തുണയോടെ ഒപ്പമെത്താനായി. എൽ.ഡി.എഫ് പൊതുസ്വതന്ത്രനാണ്. റെസിഡൻറ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറ ഭാരവാഹിയാണ്. വല്ലാർപാടം കണ്ടെയ്‌നർ പോർട്ട് ഓപ്പറേഷൻസ് വിഭാഗം മുൻ ഡെപ്യൂട്ടി മാനേജരാണ്.
എൻ.ഡി.എ സ്ഥാനാർത്ഥി എം.കെ. സതീഷ് ബി.ജെ.പി ബൂത്ത് പ്രസിഡന്റാണ്. എൻ.ഡി.എയും ഇവിടെ പ്രചരണരംഗത്ത് സജീവമായുണ്ട്. ബിസിനസുകാരനാണ്. ജനകീയ മുന്നണിയുടെ പിന്തുണയോടെയാണ് ആം ആദ്മിയുടെ സ്ഥാനാർത്ഥി ഹക്കീക്കത്ത് ഹമീദ് മത്സരിക്കു
 
ന്നത്.