
കൊച്ചി: ത്വക്കിന് നിറവത്യാസമുണ്ടാക്കുന്ന ലൂക്കോഡെർമ മൂലം കാമറയെ ഒളിച്ചുനടക്കലാണ് കുട്ടിക്കാലം മുതൽക്കേ ജയ പള്ളത്തിന്റെ ശീലം. ചോറ്റാനിക്കര പാലസ് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായതോടെ കാമറക്ക് മുന്നിലെത്തി. അസുഖം മറച്ചുവയ്ക്കാത്ത ചുവന്നസാരിയിലുള്ള മനോഹരമായ പോസ്റ്ററുകൾ ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്ന് പറയുകയാണ് ഈ അമ്പത്തഞ്ചുകാരി.
ചെറുതല്ല വിജയലക്ഷ്യം
1977ൽ ചോറ്റാനിക്കര പഞ്ചായത്ത് നിലവിൽവന്ന കാലംമുതൽ എട്ടാംവാർഡിൽ യു.ഡി.എഫ് മാത്രമേ ജയിച്ചിട്ടുള്ളു. ജയം തന്നെയാണ് സി.പി.ഐ സ്ഥാനാർത്ഥി ജയയുടെ ലക്ഷ്യം. ഏഴാംവാർഡിലെ പള്ളത്ത് കുടുംബാംഗമായ ജയ നാട്ടിൽ സുപരിചിതയാണ്. അമ്മാവൻ പി.കെ. രാജൻ സി.പി.ഐ പ്രവർത്തകനും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു.
എട്ടാംവയസിലാണ് കാലിൽ ഒരുപാടുപോലെ ലൂക്കോഡെർമ ഒപ്പംകൂടിയത്. മാനസികമായി തകർന്നെങ്കിലും അച്ഛൻ പള്ളത്ത് കൃഷ്ണൻകുട്ടിമേനോൻ ചികിത്സയും സാന്ത്വനവുമായി മകൾക്കൊപ്പം നിന്നു. എല്ലായിടത്തും ജയയെ കൊണ്ടുനടന്നു. അദ്ധ്യാപികകൂടിയായ അമ്മയുടെ സ്‌കൂളിലാണ് പഠിച്ചത്. ഡിഗ്രികഴിഞ്ഞ് കേരള പ്രസ് അക്കാഡമിയിൽ ജേർണലിസം പഠിച്ചു. കാസർകോട്ടെ ഉത്തരദേശം പത്രത്തിൽ ജോലിചെയ്തു. ജയയുടെ 29ാം വയസിൽ അച്ഛൻ മരിച്ചു.
കുടുംബം ഒപ്പംനിന്നെങ്കിലും നിറത്തിന്റെപേരിൽ അവഹേളനവും ഒറ്റപ്പെടലും അനുഭവിച്ചിട്ടുണ്ടെന്ന് ജയ സമ്മതിക്കുന്നു. പോസ്റ്ററുകളിലെ സൗന്ദര്യത്തിലൂടെ ആളുകളെ വിലയിരുത്തുന്ന കൊവിഡ് കാലത്ത് മത്സരത്തിന് അവസരംതന്ന എൽ.ഡി.എഫിന് അവർ നന്ദി പറയുന്നു. കൊച്ചി എഫ്.എമ്മിലെ അനൗൺസർ കം കോമ്പയർ ജോലിയിൽനിന്ന് അവധിയെടുത്താണ് മത്സരം.
കുട ചൂടി
അധികം വെയിൽകൊണ്ടാൽ ശരീരം ചുവക്കും. കുമിളപൊങ്ങും. അതിനാൽ കുടയുമായാണ് നടപ്പ്.
ഭർത്താവ് നാരായണൻനായർ എൽ.ഐ.സി ഏജന്റാണ്. മകൾ ആര്യ ഐ.ടി. എൻജിനിയർ. മകൻ ഭഗത് കൃഷ്ണൻ എ.സി.സി.എ വിദ്യാർത്ഥി.
ലൂക്കോഡെർമയെ അറിയാം
രോഗമായല്ല ത്വക്കിന്റെ പ്രത്യേക അവസ്ഥയായാണ് ഇതിനെ അലോപ്പതി കാണുന്നത്. ലോകജനസംഖ്യയിൽ ഒരു ശതമാനത്തിന് ഈ അസുഖമുണ്ട്. ഏഷ്യൻ രാജ്യങ്ങളിലാണ് കൂടുതൽ. മെലനോസൈറ്റ്‌സ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന മെലാനിൻ എന്ന പിഗ്‌മെന്റാണ് ത്വക്കിന് സ്വഭാവികനിറം നൽകുന്നത്. ഗ്രന്ഥി തകരാറിലാകുന്നതാണ് ത്വക്കിന്റെ നിറവ്യത്യാസത്തിന് കാരണം. അൾട്രാ വയലറ്റ് തെറാപ്പി ഉൾപ്പടെ ചികിത്സാമാർഗങ്ങളുണ്ട്