 
മൂവാറ്റുപുഴ: പിതാവിനു തന്നെ കന്നി വോട്ട് ചെയ്യാനൊരുങ്ങുകയാണ് ഇരട്ടകളായ നാൽവർ സംഘം. മാറാടി പഞ്ചായത്ത് രണ്ടാം വാർഡ് യു.ഡി.എഫ്. സ്ഥാനാർത്ഥി പി.പി.ജോളിക്കാണ് ഇങ്ങിനെ സ്വന്തം വോട്ടുബാങ്ക്.
പോളും സെബാനും മെറിനും മെർലിനും അക്ഷമരായി കാത്തിരിക്കുകയാണ് അപ്പയ്ക്ക് വോട്ടുചെയ്യാൻ.
പോളും സെബാനും ഇരുപതുകാരും മെറിനും മെർലിനും പത്തൊമ്പതുകാരുമാണ്.
പോളിന്റെ പ്രചാരണങ്ങളുടെ ചുക്കാൻ പിടിക്കുന്നതും ഇവരാണ്. വീടുകയറി വോട്ടഭ്യർത്ഥിക്കാനും മതിലെഴുതാനും പോസ്റ്റർ ഒട്ടിക്കാനുമൊക്കെ നാൽവർ സംഘം മുന്നിലുണ്ട്. വ്യത്യസ്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിലും ന്യൂജെൻ സാമൂഹിക മാദ്ധ്യമങ്ങളിലും ഇവർ സജീവമാണ്. വാർഡിലെ വികസനത്തിനു വേണ്ട പദ്ധതികളെ കുറിച്ചും ഇവർ ജനങ്ങളുമായി ചർച്ച നടത്തുന്നുണ്ട്. പൊള്ളാച്ചിയിൽ പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ സയൻസ് ഡിപ്ലോമയ്ക്കു പഠിക്കുകയാണ് പോൾ. സെബാൻ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ ബികോം രണ്ടാം വർഷം. മെറിൻ മെഡിക്കൽ ട്രസ്റ്റ് കോളജിൽ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയാണ്. മെർലിൻ പാലായിൽ നീറ്റ് എൻട്രൻസ് പരിശീലനത്തിലാണ്.