 
ആലുവ: ജനഹിതമറിയാൻ വോളിബാൾ താരവും മത്സരരംഗത്ത് സജീവം. ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് നോർത്ത് കടുങ്ങല്ലൂർ പട്ടികജാതി സംവരണ ഡിവിഷനിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി പി. ദേവരാജനാണ് കളിക്കളത്തിലെ അനുഭവസമ്പത്തുമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.
38വർഷം ഫാക്ടിൽ ജീവനക്കാരനായിരിക്കെ പകുതി കാലയളവും ഫാക്ട് വോളിബാൾ ടീം അംഗമായിരുന്നു. മുംബയ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ഫാക്ട് ടീമിനായി ദേവരാജൻ ജേഴ്സിയണിഞ്ഞിട്ടുണ്ട്. വോളിബാൾ മേഖലയിലെ ഒന്നംനിര താരമായ ടി.ഡി. ജോസഫിനൊപ്പവും (പപ്പൻ) ദേവരാജൻ കളിച്ചിട്ടുണ്ട്. 15 വർഷം തുടർച്ചയായി എറണാകുളം ജില്ലാ ചാമ്പ്യൻഷിപ്പിൽ കളിച്ചു. നാഷണൽ വോളിബാൾ റഫറീസ് പാനൽ അംഗമായ ദേവരാജന് കടവന്ത്ര രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - ഓസ്ട്രേലിയ പ്രദർശനമത്സരം നിയന്ത്രിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ജില്ലാ ഓട്ടമത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ജില്ലാ വോളിബാൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമാണ്. ഫാക്ടിൽ നിന്ന് വിരമിച്ച ശേഷമാണ് പൊതുരംഗത്ത് സജീവമായത്. നിലവിൽ ബി.ഡി.ജെ.എസ് കളമശേരി മണ്ഡലം പ്രസിഡന്റാണ്.
കടുങ്ങല്ലൂർ പഞ്ചായത്തിലെ ആറ് വാർഡുകൾ അടങ്ങുന്നതാണ് ഡിവിഷൻ. ഇതിൽ നാലിടത്തും എൻ.ഡി.എക്ക് മേൽക്കൈയുണ്ടെന്നും അതിനാൽ വിജയം ഉറപ്പാണെന്നും ദേവരാജൻ അവകാശപ്പെടുന്നു. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ സുരേഷ് കുമാറാണ് സ്ഥാനാർത്ഥി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അനിൽകുമാറും മത്സരിക്കുന്നു. രാജു വള്ളോൻ സ്വതന്ത്രനായും രംഗത്തുണ്ട്.