chennithala

കൊച്ചി: സ്വർണക്കടത്ത് കേസിൽ കൂടുതൽ വസ്തുതകൾ പുറത്ത് വരികയാണെന്നും ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതന് പങ്കുണ്ടെന്ന് ഇ.ഡിക്ക് ലഭിച്ച മൊഴി ഗൗരവമേറിയതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇ.ഡി റിപ്പോർട്ട് കണ്ട് കോടതി ഞെട്ടിയെങ്കിൽ ഇത് അറിയുന്നതോടെ ജനം ബോധംകെട്ട് വീഴും. എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ശിവശങ്കറിനെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് സർക്കാർ ആദ്യം നടത്തിയത്. ഇപ്പോൾ രാഷ്ട്രീയ-ഭരണ നേതൃത്വ പങ്ക് പുറത്താവുകയാണ്. ബിനാമി ഭൂമി ഇടപാടുകളിൽ മൂന്ന് മന്ത്രിമാർക്ക് പങ്കുണ്ടെന്ന റിപ്പോർട്ടും ഗൗരവതരമാണ്. ശിവശങ്കറും സ്വപ്‌നയും കേസിന്റെ തുടക്കം മുതൽ സർക്കാരിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സർക്കാർ തിരിച്ചും അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് ശിവശങ്കറിനെ പിരിച്ചുവിടാത്തത്.

മുഖ്യമന്ത്രി ഒളിച്ചിരിക്കുന്നു

പരാജയം ഉറപ്പായത് കൊണ്ടാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതെ ക്ലിഫ് ഹൗസിൽ ഒളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനം വോട്ട് ചെയ്യില്ലെന്ന അവസ്ഥയാണ്. ഇത് തിരിച്ചറിഞ്ഞ പാർട്ടി അദ്ദേഹത്തെ അകറ്റി നിറുത്തിയിരിക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ് പല സ്ഥലങ്ങളിലും ധാരണ. അതുകൊണ്ടാണ് പലയിടത്തും സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാത്തത്.

തിരുവനന്തപുരം ആർ.ജി.സി​.ബി സെന്ററിന് ഗോൾവാൾക്കറിന്റെ പേരിടാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.