കോലഞ്ചേരി: തദ്ദേശഭരണ സ്ഥാപനങ്ങൾ പാഴ്‌വസ്തുക്കൾ നീക്കുന്നതിന് നിശ്ചിത കലണ്ടർ അംഗീകരിച്ച് സർക്കാർ ഉത്തരവായി. മാലിന്യപ്രശ്‌നങ്ങളുടെ സമഗ്രമായ പരിപാലനം ഉറപ്പുവരുത്തുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പാഴ് വസ്തുക്കളെ നീക്കം ചെയ്യുന്നതിന് കാലക്രമമനുസരിച്ച് കലണ്ടർ രൂപകൽപ്പന ചെയ്തത്.ഇതിനായി സർക്കാർ പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനിയുമായി ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളും കരാറിലെത്തേണ്ടതുണ്ട്. ഹരിതകർമ്മസേന മുഖേന ആസൂത്രിതമായ പ്രവർത്തനങ്ങളും നടത്തണം. ഈ കലണ്ടറനുസരിച്ച് മരുന്ന് സ്ട്രിപ്പുകളും ഇ മാലിന്യങ്ങളുമുൾപ്പെടെ ആറിനങ്ങളാണ് നിശ്ചിതസമയത്തിനുള്ളിൽ നീക്കാനാവുക. ഇത് പ്രാവർത്തികമാക്കാനായാൽ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന് ഹരിതകേരളം മിഷൻ പ്രതീക്ഷിക്കുന്നു.
പേപ്പർ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ എന്നിവ എല്ലാ മാസവും ഹരിതകർമ്മസേന ശേഖരിച്ച് കൈമാറും. ചെരുപ്പ്, ബാഗ് എന്നിവ ജനുവരി, ഏപ്രിൽ, ജൂലായ്, ഒക്ടോബർ എന്നിങ്ങനെ നാലു മാസങ്ങളിലും കണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾ എന്നിവ ഫെബ്രുവരി, മേയ്, ഓഗസ്റ്റ്, നവംബർ മാസങ്ങളിലും ശേഖരിച്ച് നീക്കംചെയ്യും. ഇ മാലിന്യങ്ങൾ (ട്യൂബ് ലൈറ്റ്, സി.എഫ്.എൽ,ബാറ്ററിയുൾപ്പെടെ) മാർച്ച്, ജൂൺ, ഡിസംബർ മാസങ്ങളിലും മരുന്ന് സ്ട്രിപ്പുകൾ ജനുവരി, മാർച്ച്, ജൂൺ, സെപ്തംബർ, ഡിസംബർ മാസങ്ങളിലും, തുണി മാലിന്യങ്ങൾ ഏപ്രിൽ, സെപ്തംബർ മാസങ്ങളിലും ശേഖരിച്ചു ക്ലീൻ കേരള കമ്പനിക്ക് കൈമാറണം.തരംതിരിക്കലും വൃത്തിയും ഉറപ്പാക്കിയില്ലെങ്കിൽ സെക്രട്ടറിമാർക്കെതിരെ നടപടിയും വരും.