വൈപ്പിൻ: ലോക്‌ഡൗണിൽ നിയന്ത്രണങ്ങൾ മിക്കതും ഒഴിവാക്കി ബസ് സർവീസ് സാധാരണപോലെ ഓടാൻ സർക്കാർ അനുവദിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കൊവിഡ് ഭീതിയിൽ യാത്രക്കാർ നല്ലൊരുഭാഗവും അകലം പാലിച്ച് നിൽക്കുകയാണ്.
നൂറ്റമ്പതോളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന വൈപ്പിൻ മേഖലയിൽ 25 ബസ് ഒഴികെയുള്ളവ നിരത്തിലുണ്ട്. എന്നാൽ പഴയപോലെ യാത്രക്കാരുടെ തള്ളിക്കയറ്റം ഇല്ലാത്തതിനാൽ വരുമാനത്തിൽ വലിയകുറവാണ്. അതിനാൽ തൊഴിലാളികൾക്ക് കുറഞ്ഞ വേതനമാണ് ഇപ്പോൾ ലഭിക്കുന്നത്. കളക്ഷൻ കുറവായ സാഹചര്യത്തിൽ തൊഴിലാളികളും ഉടമകളും പരസ്പരം ധാരണയിലാണ് വേതനം കുറക്കാൻ തീരുമാനിച്ചത്.
# ഇടവേള കൂട്ടിയിട്ടും രക്ഷയില്ല
രണ്ട് മിനിറ്റ് ഇടവേളയിലാണ് മുമ്പ് ഈ മേഖലയിൽ ബസ് സർവീസുണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ യാത്രക്കാർ കുറഞ്ഞ സാഹചര്യത്തിൽ ഇടവേളകൾ വർദ്ധിപ്പിച്ചാണ് ബസ്സോട്ടം. എങ്കിലും യാത്രക്കാരില്ല. ഉച്ചസമയത്ത് പല ബസുകളും സർവീസ് മുടക്കുന്നു. ഞായാറാഴ്ചകളിലും മറ്റ് ഒഴിവ് ദിവസങ്ങളിലും മിക്ക ബസുകളും ഓടുന്നില്ല. സ്ഥിരംയാത്രക്കാരില്ലാത്ത ഈ ദിവസങ്ങളിൽ ഓടിയാൽ കനത്ത നഷ്ടമാണെന്നാണ് ഉടമകളും തൊഴിലാളികളും പറയുന്നത്.
ലോക് ഡൗൺ തുടങ്ങിയതിനുശേഷം മൂന്നുമാസം സർക്കാർ ടാക്‌സും ഒഴിവാക്കിയിരുന്നു. ഇക്കാലയളവിൽ ഇൻഷ്വറൻസ്പ്രീമിയവും അടക്കേണ്ടിവന്നില്ല. ടാക്‌സ് ഒഴിവാകാൻ ജിഫാംസമർപ്പിക്കണം. ജിഫാം നൽകിയ ബസുകൾ അക്കാലയളവിൽ നിരത്തിലിറങ്ങാൻ പാടില്ല. ഇക്കാര്യം പരിശോധിക്കാൻ ഗതാഗതവകുപ്പിന് സംവിധാനമുണ്ട്. ഓടുന്ന ബസുകൾക്കും വരുമാനക്കുറവ് പരിഗണിച്ച് ടാക്‌സ് ഒഴിവാക്കണമെന്ന് ബസുടമ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. യാത്രക്കാർ കുറഞ്ഞെങ്കിലും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സ്ഥിരം യാത്രക്കാരിൽ നല്ലൊരു വിഭാഗം ടൂവീലറിലേക്ക് മാറിയിട്ടുണ്ട്.കാറുള്ളവർ മുൻപ് ദീർഘയാത്രകൾക്ക് മാത്രമാണ് കാർ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ചെറിയ യാത്രകൾക്കും കാർ ഉപയോഗിക്കുന്നുണ്ട്.
ഒഴിയണം കൊവിഡ് ഭീതി
കൊവിഡ് ഭീതി പൂർണമായും മാറിയാലേ സർവീസ് പഴയനിലയിലാകുവെന്നാണ് വൈപ്പിൻ പറവൂർ ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. ലെനിൻ വിലയിരുത്തുന്നത്.