കൊച്ചി:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിസ്മയകരമായ മുന്നേറ്റം നടത്തുമെന്നും കേരളത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ പശ്ചാത്തലമാണ് അതിന് കാരണമെന്നും ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ എം.പി.പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത്, സ്വജനപക്ഷപാതം,പിൻവാതിൽ നിയമനം, തുടങ്ങിയ വിഷയങ്ങളിൽ വോട്ടർമാരുടെ ചോദ്യങ്ങൾക്ക് ഇടതുമുന്നണിക്ക് ഉത്തരം പറയാൻ സാധിക്കുന്നില്ല. വികസന ക്ഷേമപ്രവർത്തനങ്ങൾ എന്ന സി.പി.എമ്മിന്റെ അവകാശവാദത്തെ ജനങ്ങൾ പിൻതള്ളിയിരിക്കുകയാണ്. ബി.ജെ.പിക്ക് കേരളത്തിൽ ഇടമുണ്ടാക്കിക്കൊടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇതിനുള്ള ഗൂഢാലോചനകൾ ഇടനിലക്കാരുടെ സാന്നിദ്ധ്യത്തിൽ കേന്ദ്രത്തിലും കേരളത്തിലും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് യു.ഡി.എഫ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ കെട്ടിചമയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.