കൊച്ചി : കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സങ്കര ചികിത്സാ ഉത്തരവിനെതിരെ രാജ്യവ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഇന്ന് നില്പുസമരം സംഘടിപ്പിക്കും. സംസ്ഥാനത്തെ മുഴുവൻ അലോപ്പതി ഡോക്ടർമാരും ഉച്ചയ്ക്ക് 12 മുതൽ 2 വരെ ജോലി ബഹിഷ്‌കരിച്ച് സമരത്തിൽ പങ്കെടുക്കും.കേരളത്തിലെ 109 ഐ.എം.എ ശാഖകളിലെയും ഡോക്ടർമാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് സമരത്തിൽ പങ്കെടുക്കുകയെന്ന് കൊച്ചി ശാഖാ പ്രസിഡന്റ് ഡോ. ടി.വി. രവി, സെക്രട്ടറി ഡോ. അതുൽ ജോസഫ് മാനുവൽ എന്നിവർ അറിയിച്ചു. മോഡേൺ മെഡിസിനിൽ അനുവർത്തിക്കുന്ന 58 തരം ശസ്ത്രക്രിയകൾ ആയുർവേദ വിദഗ്ദ്ധരെക്കൊണ്ട് നടത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് സമരം. ഈമാസം 11ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കോവിഡ് ചികിത്സ, അത്യാഹിത വിഭാഗങ്ങളെ മാത്രം ഒഴിവാക്കി ഐ.എം.എ രാജ്യവ്യാപകമായി പണിമുടക്ക് സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.