
കോലഞ്ചേരി: പോളിംഗിന് രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം. കന്നിക്കാർ മുതൽ പ്രായമായവർ വരെ സമ്മതിധാന അവകാശം രേഖപ്പെടുത്തുന്നതിന്റെ ആവേശത്തിലാണ്. എല്ലാ തിരഞ്ഞെടുപ്പ് പോലെയല്ല ഇക്കുറി. ലോകത്തെ വിറപ്പിച്ച കൊവിഡ് നമുക്ക് മുന്നിൽ തന്നെയുണ്ട്. അതിനാൽ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശം കർശനമായി പാലിച്ചുവേണം വോട്ട് രേഖപ്പെടുത്താൻ.
കൊവിഡ് നിർദേശങ്ങൾ
1. പോളിംഗ് ബൂത്തിൽ ഒരേസമയം 3 വോട്ടർമാർക്കു സാമൂഹിക അകലം പാലിച്ചു പ്രവേശിക്കാം.
2. പോളിംഗ് ഉദ്യോഗസ്ഥർ ഫെയ്‌സ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ, കൈയുറ നിർബന്ധമായും ഉപയോഗിക്കണം.
3. പോളിംഗ് ഏജന്റുമാർക്കും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധം.
4. വോട്ടർമാർ ബൂത്തിൽ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും നിർബന്ധമായും കൈ സാനിറ്റൈസർ ചെയ്യണം.
5. മാസ്‌ക് ധരിക്കണം. തിരിച്ചറിയൽ വേളയിൽ മാത്രം ആവശ്യമെങ്കിൽ മാസ്‌ക് മാറ്റണം.
പൊതു നിർദേശങ്ങൾ
1.കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകർക്ക് വോട്ടു ചെയ്യാൻ സഹായിയെ അനുവദിക്കും. (യന്ത്റത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടൺ അമർത്തിയോ ബാലറ്റ് ബട്ടനോട് ചേർന്ന ബ്രയിൽ ലിപി സ്പർശിച്ചോ സ്വയം വോട്ട് ചെയ്യാൻ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോദ്ധ്യപ്പെട്ടാൽ മാത്രമാണിത്. വോട്ടർ നിർദ്ദേശിക്കുന്നയാൾക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം)
2. പോളിംഗ് സ്റ്റേഷന്റെ നിശ്ചിതപരിധിയിൽ രാഷ്ട്രീയപാർട്ടികൾക്ക് ബൂത്ത് സ്ഥാപിക്കാമെങ്കിലും അവയിൽ കൂടുതൽ ആർഭാടം പാടില്ല.
3.പഞ്ചായത്തുകളിൽ പോളിംഗ് സ്റ്റേഷനിൽനിന്ന് 200 മീറ്റർ അകലത്തിലും നഗരസഭയാണെങ്കിൽ 100 മീറ്റർ അകലത്തിലും ബൂത്തുകൾ സ്ഥാപിക്കാം.
4.സ്ഥാനാർത്ഥിയുടെ പേര്, പാർട്ടിചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ സ്ഥാപിക്കാം.
5.ബൂത്തുകൾ നിർമിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയിൽനിന്ന് രേഖാമൂലം അനുമതി വാങ്ങണം.
6. നിശ്ചിത ദൂരപരിധിക്കുള്ളിൽ വോട്ടഭ്യർത്ഥിക്കാനാവില്ല.
7.നിരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർ എന്നിവർക്കൊഴികെ മറ്റാർക്കും മൊബൈൽഫോൺ പോളിംഗ് സ്റ്റേഷനകത്തേക്ക് കൊണ്ടുപോകാൻ അനുവാദമില്ല.
8.പോളിംഗ് ദിനത്തിൽ രാഷ്ട്രീയകക്ഷികൾക്കോ സ്ഥാനാർത്ഥിക്കോ വോട്ടർമാരെ പോളിംഗ് സ്റ്റേഷനിലെത്തിക്കാൻ വാഹനമേർപ്പെടുത്താൻ പാടില്ല.
ഉദ്യോഗസ്ഥരെ വലയ്ക്കരുത്
പഞ്ചായത്തുകളിലുള്ള വോട്ടർമാർക്ക് മൂന്നുവോട്ടുണ്ട്. വോട്ട് രേഖപ്പെടുത്തേണ്ട സ്ഥാനാർത്ഥികളുടെ നേരെയുള്ള ബട്ടണിൽ അമർത്തിയാൽ മാത്രമേ ബീപ് ശബ്ദം വന്ന് വോട്ടുകൾ രേഖപ്പെടുത്തുകയുള്ളൂ. എന്നാലാണ് വോട്ടിംഗ് പ്രക്രിയ പൂർത്തിയാകൂ. മൂന്നുവോട്ടും ചെയ്തവർ എൻഡ് ബട്ടൺ അമർത്തേണ്ട ആവശ്യമില്ല. ഏതെങ്കിലും ഒന്നോ രണ്ടോ വോട്ട് ചെയ്യാതിരുന്നാൽ എൻഡ് ബട്ടൺ അമർത്തണം. ഇല്ലെങ്കിൽ എൻഡ് ബട്ടൺ പ്രിസൈഡിംഗ് ഓഫീസർമാർ അമർത്തി അടുത്തയാൾക്ക് വോട്ട് ചെയ്യാൻ വോട്ടിംഗ് യന്ത്റം സജ്ജീകരിക്കണം. പ്രിസൈഡിംഗ് ഓഫീസർക്ക് എൻഡ് ബട്ടൺ അമർത്താൻ ബൂത്തിലെ ഏജന്റുമാരോട് സമ്മതവും ആവശ്യമാണ്.