ഫോർട്ട്കൊച്ചി: കൊച്ചിയുടെ ചരിത്രഭൂമിയിൽ തലയെടുപ്പോടെ നിന്നിരുന്ന പൈതൃക കൈട്ടിടങ്ങളിൽ ഒന്നായ കരിപ്പുര ഇനിയില്ല. വാട്ടർ മെട്രോയ്ക്കായി ഇന്നലെ കെട്ടിടം പൊളിച്ചു മാറ്റി. 100 വർഷം പഴക്കമുള്ള കെട്ടിടം ജീർണിച്ച നിലയിലായിരുന്നു. പൈതൃക മന്ദിരം സംരക്ഷിക്കണമെന്ന് ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നെങ്കിലും നടപടിയിൽ നിന്നും പിൻമാറാൻ അധികൃതർ തയ്യാറായില്ല. റോഡിൽ നിന്നും ജെട്ടിയിലേക്കുള്ള പ്രവേശന ഭാഗം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പൊളിക്കലിന്

പൊലീസ് കാവൽ

കൊച്ചിൻ പോർട്ടിനു കീഴിലുള്ള കെട്ടിടം ലീസിന് നൽകിയിരിക്കുകയായിരുന്നു. ജെട്ടിയിലേക്കുള്ള പ്രവേശന ഭാഗം ഒരുക്കാൻ കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചതിന് പിന്നാലെ മന്ദിരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലീസിനെടുത്ത ക്ലബിന് അധികൃതർ നോട്ടീസ് നൽകിയിരുന്നു. വിഷയത്തിൽ പൈതൃക സംരക്ഷകർ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ നടപടി മരവിപ്പിച്ചു. എന്നാൽ കഴിഞ്ഞ ദിവസം കൊച്ചിൻ പോർട്ട് അധികൃത‌ർ വൻ പൊലീസ് സന്നാഹത്തോടെ എത്തി ജെ.സി.ബി ഉപയോഗിച്ച് കെട്ടിടം പൊളിക്കുകയായിരുന്നു.

യുദ്ധകപ്പലുകളുടെ ഇന്ധനമുറി

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സേനയുടെ യുദ്ധകപ്പലുകൾക്ക് ആവശ്യമായ കൽക്കരി ശേഖരിച്ചിരുന്ന കേന്ദ്രമായിരുന്നു ഇത്. അക്കാലത്ത് കപ്പലുകൾ ഇവിടെ വന്ന് ഇന്ധനം നിറക്കുമായിരുന്നു. യുദ്ധത്തിനു ശേഷം ഈ കെട്ടിടം ഉന്നത ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ള ക്ളബാക്കി മാറ്റുകയായിരുന്നു. കുട്ടികളുടെ പാർക്കിനു സമീപത്ത് സ്ഥിതിചെയ്യുന്ന മന്ദിരത്തിൽ ലോറൽ ക്ലബ്, അക്വാട്ടിക്ക് ക്ളബ്, എന്നിവ പ്രവർത്തിച്ചിരുന്നു.

കെട്ടിടങ്ങൾ സംരക്ഷിക്കണം

ലോക പൈതൃക ഭൂപടത്തിൽ ഇടം പിടിച്ച കൊച്ചിയിലെ സ്മാരകങ്ങൾ ഓരോന്നായി നിലം പതിക്കുകയാണ്. ശേഷിക്കുന്ന കെട്ടിടങ്ങൾ പഴമ നിർത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി പൗരാണിക കെട്ടിടങ്ങളാണ് കൊച്ചിയിലുള്ളത്.പലതും അറ്റകുറ്റപ്പണിപോലും നടത്താതെ നാശത്തിന്റെ വക്കിലെത്തി.