 
പറവൂർ: കോട്ടുവള്ളി ഡിവിഷനിൽ വികസനം തന്നെയാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യപ്രചരണ വിഷയം. അവസാനഘട്ടത്തിലും വാശിയേറിയ പ്രവർത്തനങ്ങളാണ് മൂന്നുമുന്നണികളും നടത്തുന്നത്. ആരുജയിച്ചാലും ഭൂരിപക്ഷം കുറവായിരിക്കുമെന്നാണ് പൊതുവേ വിലയിരുത്തൽ.
പറവൂർ നഗരസഭ പ്രദേശത്തിന്റെ വടക്കും തെക്കുംഭാഗത്തുള്ള രണ്ടുവീതം പഞ്ചായത്താണ് ഡിവിഷൻ പ്രദേശം. സി.ഐ.ടി.യു യൂണിയൻ നേതാവായ എം.ബി. സ്യമന്തഭദ്രനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.എം ജില്ലാകമ്മിറ്റിഅംഗമാണ്. ജില്ലാ സെക്രട്ടേറിയറ്റംഗം, പറവൂർ ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൂന്നു തവണ ജില്ലാ പഞ്ചായത്തംഗമായി വിജയിച്ചു. 2003ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യജയം. 2005ൽ ചേന്ദമംഗലം ഡിവിഷനിലും 2010ൽ കോട്ടുവള്ളി ഡിവിഷനിൽ നിന്നും വിജയിച്ചു.
കെ.എസ്.യുവിലുടെ വിദ്യാർത്ഥി പ്രസ്ഥാനത്ത് കടന്നുവന്ന ഷാരോൺ പനക്കലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. നിയമബിരുദവും എൻജിനിയറിയിംഗ് ബിരുദവും പൂർത്തിയാക്കിയ ഷാരോണിന്റെ കന്നി അങ്കമാണിത്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റാണ്. ടി.സി.സിയിൽ രണ്ടുവർഷം എൻജിനിയറായി ജോലിചെയ്തിട്ടുണ്ട്.
ജനസംഘത്തിലൂടെ രാഷ്ടീയപ്രവർത്തനം ആരംഭിച്ച കെ.പി. രാജനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ബി.ജെ.പി സംസ്ഥാന നിർവാഹ സമിതിഅംഗവും കോട്ടുവള്ളി എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമാണ്. ഏലൂർ ഇന്ത്യൻ റെയർ എർത്ത്സിലെ മുൻ ജീവനക്കാരനാണ്.
കോട്ടുവള്ളി 22, ഏഴിക്കര 14, ചിറ്റാറ്റുകര, ചേന്ദമംഗലം ആറു വീതവും വാർഡുകൾ ഉൾപ്പെടുന്ന 48 വാർഡുകൾ ചേർന്നതാണ് കോട്ടുവള്ളി ഡിവിഷൻ. 2015ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഹിമ ഹരീഷാണ് വിജയിച്ചത്.എൽ.ഡി.എഫിലെ റൂബി ജോർജിനെ 904 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.