കൊച്ചി: കിഴക്കമ്പലം പഞ്ചായത്തിലെ പി.ഡബ്‌ള്യു.ഡി റോഡുകളുടെ അറ്റകുറ്റപ്പണി പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്നതു തടഞ്ഞ് പൊതുമരാമത്ത് വകുപ്പു നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പഞ്ചായത്തിന് അറ്റകുറ്റപ്പണി തുടരാമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാനും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.
ട്വന്റി - 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ അറ്റകുറ്റപ്പണികൾ പഞ്ചായത്ത് നടത്തുന്നത് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇതിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.
പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ അറ്റകുറ്റപ്പണികൾ പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്നത് ചട്ടപ്രകാരമല്ലെന്നായിരുന്നു സർക്കാരിന്റെ വാദം. റോഡുകളുടെ അറ്റകുറ്റപ്പണികൾ കഴിഞ്ഞ മേയ് 26 ന് മുടങ്ങിയതാണ്. സ്ഥിതിതുടർന്നാൽ സഞ്ചാരയോഗ്യമായ റോഡ് ഉണ്ടാകാനും വൈകും. പഞ്ചായത്തിന്റെ നടപടി തെറ്റായാലും ശരിയായാലും അറ്റകുറ്റപ്പണികൾക്കായി നടത്തിയ പരിശ്രമങ്ങളും ചെലവിട്ട പണവും കണക്കിലെടുക്കണം. ഇതുവരെ ചെയ്ത ജോലികൾ ഇല്ലാതാക്കാൻ പറയാൻ കഴിയില്ല. റോഡുകൾ നല്ലതാവുന്നതിന്റെ ഗുണം നാട്ടുകാർക്കാണ്. ഇൗ നല്ലവശം കാണാതിരിക്കാൻ കഴിയില്ല. - ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സമൂഹത്തിന്റെ പൊതുനന്മയ്ക്കാണെങ്കിൽപോലും റോഡ് നിർമ്മാണം ഉൾപ്പെടെ നിയമപ്രകാരമായിരിക്കണമെന്നും സിംഗിൾബെഞ്ച് ഒാർമ്മപ്പെടുത്തി. ഏതു പൊതുജോലിക്കായാലും ടെണ്ടർ വിളിച്ചാണ് പഞ്ചായത്ത് കരാർ നൽകേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.