election

പ്രശ്ന ബൂത്തുകൾ 276

കൊച്ചി : ജില്ലയിലെ 3132 ബൂത്തുകളിൽ 276 എണ്ണം പ്രശ്‌നസാദ്ധ്യതയുള്ളത്. 30 എണ്ണം കൊച്ചി സിറ്റി പരിധിയിലും 246 എണ്ണം ആലുവ റൂറൽ പൊലീസ് പരിധിയിലുമാണ്. 38 പ്രശ്‌ന സാദ്ധ്യതാ ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തും. ബാക്കി ബൂത്തുകളിൽ വീഡിയോ റെക്കോർഡിംഗുണ്ടാകും.

കൂടുതൽ പൊലീസുകാരെ ഇത്തരം ബൂത്തുകളിൽ വിന്യസിക്കും. സാധാരണ ബൂത്തുകളിൽ ഒരു പൊലീസുകാരനെ ക്രമസമാധാന പാലനത്തിന് നിയമിക്കുമ്പോൾ പ്രശ്‌ന ബൂത്തുകളിലും വിദൂര ബൂത്തുകളിലും രണ്ടുപേർ വീതമുണ്ടാകും.

ജില്ലയുടെ ഉൾപ്രദേശങ്ങളിലെ ബൂത്തുകൾ റൂറൽ പരിധിയിൽ പത്താണ്. ബ്ലോക്ക് പഞ്ചായത്തിന്റെയോ കോർപ്പറേഷന്റെയോ മുനിസിപ്പാലിറ്റിയുടെയോ കൺട്രോൾ റൂമിൽ നിന്നും ഒരു മണിക്കൂറിനുള്ളിൽ എത്തിപ്പെടാൻ പറ്റാത്തവയെയാണ് വിദൂര പോളിംഗ് ബൂത്തുകളായി പരിഗണിക്കുന്നത്.

ഇത്തരം ബൂത്തുകളിലേക്ക് ഒരു വോട്ടിംഗ് യന്ത്രം അധികമായി നൽകും. ഉപയോഗിക്കുന്ന യന്ത്രത്തിന് തകരാർ സംഭവിച്ചാൽ വോട്ടെടുപ്പ് തടസപ്പെടാതിരിക്കാനാണ് മുൻകരുതൽ.

വേങ്ങൂർ പഞ്ചായത്തിലെ രണ്ടാം നമ്പർ ബൂത്തായ പൊങ്ങിൻ ചുവട് ഗിരിജൻ കോളനി കോ ഓപറേറ്റീവ് സൊസൈറ്റി ബിൽഡിംഗ്, കടമക്കുടിയിലെ മൂന്ന് ബൂത്തുകൾ, കുട്ടമ്പുഴ പഞ്ചായത്തിലെ തല്ലൂമ്മക്കണ്ടം ട്രൈബൽ കമ്യൂണിറ്റി ഹാളിലെ ബൂത്ത്, തേര കോളനിയിലെ വി.എസ്.എസ്. ഓഫീസിലെ ബൂത്ത്, കല്ലേൽമേട്ടിലെ വനിത വിപണന കേന്ദ്രത്തിലെ ബൂത്ത് എന്നിവ ജില്ലയിലെ വിദൂര ബൂത്തുകളാണ്.

വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിപ്പിക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പ്രചാരണത്തിന് ഇന്ന് സമാപനം. 10 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലയിൽ ഇന്നു വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിപ്പിക്കും. മൂന്നു മുന്നണികളും സ്വതന്ത്രരുമുൾപ്പടെ ഇന്നലെയും വീടുകൾ കയറിയിറങ്ങി വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു. പ്രതീക്ഷയും ആശങ്കയുമാണ് പാർട്ടി നേതാക്കളുടെ വിലയിരുത്തലുകളിൽ നിറയുന്നത്.കൊവിഡ് പശ്ചാത്തലത്തിൽ റാലിയും ആൾക്കൂട്ടവുമുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു.റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് മൂന്നു വാഹനങ്ങളേ അനുവദിക്കൂ. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നിർദേശങ്ങൾ കർശനമായി പാലിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും കമ്മിഷൻ നിർദേശം നൽകി.