vd-satheeshan

കൊച്ചി: പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി വി.ഡി. സതീശൻ എം.എൽ.എ യുടെ നേതൃത്വത്തിൽ പുനർജ്ജനിയെന്ന പേരിൽ രൂപം നൽകിയ സൊസൈറ്റിയ്ക്കു വേണ്ടി ഇംഗ്ളണ്ടിൽ നിന്ന് പണപ്പിരിവു നടത്തിയ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ജയ്സൺ പാനിക്കുളങ്ങര ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകി. നേരത്തെ സമാന ആവശ്യം ഉന്നയിച്ചു നൽകിയ ഹർജി പൊതുതാല്പര്യ ഹർജിയായി പരിഗണിക്കേണ്ട വിഷയമാണെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് പുതിയ ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൽ അടുത്ത ദിവസം ഹർജി പരിഗണനയ്ക്കു വരും. 2018 ലെ പ്രളയത്തെത്തുടർന്ന് സഹായം നൽകുന്നതിനാണ് വി.ഡി. സതീശനും പറവൂർ മേഖലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ചേർന്ന് പുനർജ്ജനിയെന്ന സൊസൈറ്റിക്ക് രൂപം നൽകിയത്. തുടർന്ന് ധനസമാഹരണത്തിനായി ഇംഗ്ളണ്ടിലെ ബെർമിംഗ്ഹാമിൽ യോഗം വിളിച്ചു ചേർത്തെന്നും യോഗത്തിൽ പങ്കെടുത്തവരിൽ നിന്ന് 500 പൗണ്ട് വീതം പിരിച്ചെന്നും ഹർജിയിൽ പറയുന്നു. മതിയായ അനുമതിയില്ലാതെ വിദേശത്തു നിന്ന് പണം പിരിച്ചതു വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നും ഇത്തരത്തിലുള്ള പണം കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനുള്ള നിയമ പ്രകാരം കുറ്റകൃത്യത്തിലൂടെ നേടിയ സമ്പാദ്യമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. രാജ്യത്തിന്റെ പൊതു താല്പര്യത്തിനു വിരുദ്ധമായി നടപടി സി.ബി.ഐ അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.