 
കോലഞ്ചേരി: തട്ടാം മുഗൾ വാർഡിൽ ഇടത് മുന്നണിക്ക് അഭിമാനപ്പോരാട്ടം. മഴുവന്നൂർ പഞ്ചായത്തിലെ പതിനാറാം വാർഡായ തട്ടാം മുഗളിലാണ് ഇക്കുറി ജില്ല ഉറ്റു നോക്കുന്ന ശ്രദ്ധേയമായ മത്സരങ്ങളിലൊന്ന് നടക്കുന്നത്. ജില്ലയിലെ ഇടത് നേതൃ നിരയിലെ പ്രമുഖനായ ഇടതുമുന്നണി ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തിയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.ഒ.പീറ്ററുമാണ് വാർഡിൽ ഏറ്റുമുട്ടുന്ന പ്രമുഖർ. ഒപ്പം ട്വന്റി20 യും ബി.ജെ.പി യും ഇവിടെ മത്സര രംഗത്തുണ്ട്. 2005 മുതൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സജീവമാണ് ജോർജ് ഇടപ്പരത്തി. 2005 ൽ പഞ്ചായത്തിലെ തട്ടാം മുഗൾ വാർഡിൽ നിന്നും 2010 ൽ മഴുവന്നൂർ വാർഡിൽ നിന്നും വിജയിച്ച ഇദ്ദേഹം 2015ൽ ജില്ലാ പഞ്ചായത്ത് കോലഞ്ചേരി ഡിവിഷനിലും വിജയക്കൊടി പാറിച്ചു. ഡിവിഷനിൽ നടപ്പാക്കിയ 75 കോടിയുടെ വികസന നേട്ടങ്ങളുമായാണ് ഇക്കുറി വീണ്ടും പഞ്ചായത്തിലേക്ക് മത്സരിക്കാനെത്തിയത്.75 കോടിയുടെ പദ്ധതികളിൽ 1.69 കോടിയും നടപ്പാക്കിയത് മംഗലത്തു നട വാർഡിലാണ്. തികഞ്ഞ വിജയ പ്രതീക്ഷയോടെയാണ് മണ്ഡലം പ്രസിഡൻറ് ടി.ഒ. പീറ്ററിനെ തന്നെ വാർഡിൽ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. പഞ്ചായത്തിലെ വികസന നേട്ടങ്ങൾ തനിക്ക് തുണയാകുമെന്ന പ്രതീക്ഷയിലുമാണ് അദ്ദേഹം.