vadakkekara-election
വടക്കേക്കര പഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥികൾ ഒത്തുകൂടിയപ്പോൾ

പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിൽ ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ സ്വതന്ത്രരായി മത്സരിക്കുന്നത് അഞ്ച് പേരാണ്. നേരിട്ട് പരിചയമില്ലാത്തവരാണെങ്കിലും ഇവർ കട്ടത്തുരുത്തിൽ സംഗമിച്ചു. നാലാംവാർഡിലെ പീതാംബരൻ, അഞ്ചിലെ മിനി ഷിജു, പതിമൂന്നിലെ കെ.ജെ. ലിയ, പതിനഞ്ചിലെ അജിത്കുമാർ, ഇരുപതിലെ മനു എം. ജോഷി എന്നിവരാണ് ഒത്തുകൂടിയത്.

ലിയ വടക്കേക്കരയിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയാണ്. കഴിഞ്ഞ നവമ്പർ 11നാണ് ലിയക്ക് 21 വയസ് തികഞ്ഞത്. ഫാഷൻ ഡിസൈനിംഗ് കോഴ്സ് പൂർത്തിയായി. അജിത്കുമാർ റിട്ട സബ് ഇൻസ്പെക്ടറും മുൻ പൊലീസ് വോളിബാൾ താരവുമാണ്. ഇതിനാൽ ബാളാണ് ചിഹ്നമായി സ്വീകരിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സ് ഡിപ്ളോമ എൻജിനിയറായ മനു എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ളിക് സ്കൂൾ അടൽ പിങ്കറിംഗ് ലാബ് സ്റ്രാഫാണ്. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ വിദ്യാർത്ഥികളിൽ അഭിരുചി വർദ്ധിപ്പിക്കുകയാണ് ജോലി. ഐ.ടി.ഐ.(ഇലക്ട്രോണിക്സ് ) നേടിയിട്ടുണ്ട്. ഇപ്പോൾ കെ.എസ്.ഇ.ബിയിൽ താത്കാലിക മീറ്റർ റീഡറായ മിനി ഷിജു ഐ.ടി.ഐ ഇലക്ട്രോണിക്സുകാരിയാണ്. നാലാം വാർഡിലെ പീതാംബരൻ വർഷങ്ങൾക്കുമുമ്പ് മത്സരിച്ചിട്ടുണ്ട്. ഓട്ടോടാക്സി സംഘടനാ പ്രവർത്തകനായ ഇദ്ദേഹം സ്വന്തം വരുമാനത്തിൽ നിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നയാളാണ്.

സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അഴിമതിക്കെതിരെ രാഷ്ട്രീയ പാർട്ടികൾ ശക്തമായ നിലപാടുകൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ മത്സരിക്കുന്നത്. ബദൽ വികസന കാഴ്ച്ചപ്പാടുകളും ഇവർ മുന്നോട്ടുവെക്കുന്നു. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് സമാന ചിന്താഗതിക്കാരെ സംഘടിപ്പിച്ച് പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും പ്രവർത്തനം ഏകോപിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം.