ആലുവ: മേലുദ്യോഗസ്ഥരുടെ അലംഭാവമാണ് ആലുവ പൊലീസ് സ്റ്റേഷനിൽ കൊവിഡ് രോഗം പടർന്നു പിടിക്കാൻ ഇടയാക്കിയതെന്ന് ആരോപണം. കേരള പൊലീസ് അസോസിയേഷൻ അംഗങ്ങളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച രൂക്ഷമായ ചർച്ചയുള്ളത്.

ആലുവ സ്റ്റേഷൻ എസ്.എച്ച്.ഒ ഉൾപ്പെടെ 10 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. നിരവധി പേർ ക്വാറന്റൈനിലുമായി.

മാസങ്ങൾക്ക് മുമ്പുമുതൽ സ്റ്റേഷനിൽ ഒരോരുത്തർക്കായി കൊവിഡ് സ്ഥിരീകരിച്ചതാണ്. അടുത്ത സമ്പർക്കം പുലർത്തിയവരെപ്പോലും ക്വാറന്റൈനിൽ വിടാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. അതിന്റെ അനന്തരഫലമാണ് ഇപ്പോൾ പത്തുപേർ ഒരേസമയം രോഗബാധിതരാകാൻ ഇടയാക്കിയതെന്നാണ് ആരോപണം. ഇതര ജില്ലകളിൽനിന്നും ഉൾപ്പെടെ നിരവധിപേർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന ഘട്ടത്തിലുണ്ടായ രോഗവ്യാപനം ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലെ പൊലീസ് സ്റ്റേഷനായതാണ് കൂടുതൽ പ്രതിസന്ധിയായത്.