കിഴക്കമ്പലം: പുലർച്ചെ കാർതടഞ്ഞ് യാത്രക്കാരനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈലും പണവും കവർന്നതായി പരാതി. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ പട്ടിമറ്റം - കിഴക്കമ്പലം റോഡിൽ ഞാറള്ളൂർ സ്കൂളിനടുത്ത് വച്ചാണ് സംഭവം. പട്ടിമറ്റത്ത് ഇറച്ചി വ്യാപാരിയായ മണ്ണാച്ചേരി മുഹമ്മദ് റഫീഫീക്കിന്റെ കാറിനുമുന്നിൽ ഓംമ്‌നി കാർ നിർത്തിയിട്ടാണ് കവർച്ച നടത്തിയത്.

പട്ടിമറ്റത്തെ കടയിൽ നിൽക്കുന്ന പണിക്കാരനെ വിളിക്കാനായി കിഴക്കമ്പലത്തേയ്ക്ക് പോകുംവഴിയാണ് സംഭവം. അമിതവേഗതയിലെത്തിയ വാൻ കാറിനു കുറുകെയിട്ടശേഷം ഇറങ്ങിവന്ന് ഡ്രൈവിംഗ് സീറ്റിലിരുന്ന റഫീക്കിന്റെ കഴുത്തിൽ കത്തിവെച്ചാണ് പഴ്സും മൊബൈൽഫോണും പിടിച്ചുവാങ്ങിയതെന്ന് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അതിനിടയിൽ താക്കോൽ കാറിൽനിന്നും ഊരിയെടുത്ത് വലിച്ചെറിയുകയും ചെയ്തു. കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് ഇൻസ്പെക്ടർ വി.ടി. ഷാജൻ പറഞ്ഞു.