 
പറവൂർ: സർക്കാരിനെയും എൽ.ഡി.എഫിനെയും വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുകയാണ് സർക്കാരിന്റെ പുതിയ പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനർജനി പദ്ധതിയുടെ പേരിൽ വി.ഡി. സതീശനെതിരെ കേസെടുക്കാൻ നീക്കം നടക്കുകയാണ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ പരാജയപ്പെട്ടിടത്ത് സതീശൻ വിജയിച്ചതാണ് അവർക്ക് കണ്ണുകടിയായത്. കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച സർക്കാരിനെതിരെയാണ് യു.ഡി.എഫ് പോരാടുന്നത്. എൽ.ഡി.എഫ് തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. നാലരവർഷത്തെ ഭരണനേട്ടമൊന്നും ഇടതുപക്ഷത്തിനു പറയാനില്ല. ഇതുപോലെ നിഷ്ക്രിയവും അഴിമതിയിൽ മുങ്ങിയതുമായ ഒരു സർക്കാർ ഉണ്ടായിട്ടില്ല. പ്രളയധനസഹായത്തിലെ കോടികൾ പാർട്ടിക്കാർ തട്ടിപ്പോൾ 10,000 രൂപ കിട്ടാത്ത ദുരിതം അനുഭവിച്ച ലക്ഷക്കണക്കിന് പേർ ഇപ്പോഴുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ.രാജു അദ്ധ്യക്ഷത വഹിച്ചു.
വി.ഡി. സതീശൻ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, മുഹമ്മദ് ഷിയാസ്, എം.ടി. ജയൻ, പി.വി. ലാജു, പി.ആർ.സൈജൻ, കെ.ശിവശങ്കരൻ, പ്രദീപ് തോപ്പിൽ, രമേഷ് ഡി.കുറുപ്പ്, അനു വട്ടത്തറ, ഷാരോൺ പനയ്ക്കൽ, ടി.കെ. ഇസ്മായിൽ, സുഗതൻ മാല്യങ്കര, പി.കെ. സെയ്ത്, റോഷൻ ചാക്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.