ആലുവ: ആലുവ നഗരസഭയിൽ മത്സരിക്കുന്ന മൂന്ന് മുന്നണികളും ജനകീയമുന്നണിയും പ്രകടനപത്രിക പുറത്തിറക്കി. യഥാർത്ഥത്തിൽ വാഗ്ദാന പെരുമഴയാണ്. പൊളിച്ചിട്ടിരിക്കുന്ന ആലുവ മാർക്കറ്റിന്റെ നിർമ്മാണവും ടൗൺ ഹാളുകളുടേയും പാർക്കിന്റേയും നവീകരണവും എല്ലാ മുന്നണികളും പ്രകടനപത്രികയിൽ ഉൾപ്പെടുത്തി.
ബി.പി.എല്ലുകാർക്ക് സിറ്റിഗ്യാസ് പദ്ധതി സൗജന്യമാക്കുമെന്ന് യു.ഡി.എഫിന്റെ പ്രകടനപത്രികയിൽ പറയുന്നുത്. ഓപ്പൺ എയർ സ്റ്റേഡിയവും റെയിൽവെ സ്റ്റേഷൻ സ്‌ക്വയറിൽ ശതാബ്ദി സ്മാരകവും മണപ്പുറത്ത് സ്റ്റേഡിയവും നിർമ്മിക്കുമെന്നും പറയുന്നു. മാർത്താണ്ഡവർമ്മ പാലത്തിന് സമാന്തരമായി പുതിയപാലം, റെയിൽവെ പടിഞ്ഞാറൻ കവാടം, ശുദ്ധജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കൽ എന്നിങ്ങനെ പട്ടിക നീളുന്നു.
നഗരാസൂത്രണം നടപ്പിലാക്കിയും നഗരസഭയുടെ അതിർത്തി വിപുലപ്പെടുത്തി വിസ്തൃതികൂട്ടിയും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുമെന്നാണ് എൽ.ഡി.എഫ് വാഗ്ദാനം. ജനസൗഹൃദമായ ഭരണ കാര്യാലയം, മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ മാർഗങ്ങൾ, ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം എന്നിവയുമുണ്ട്. 20 രൂപയ്ക്ക് ഊണ് നൽകുന്ന വിശപ്പുരഹിതപദ്ധതി നടപ്പിലാക്കുമെന്നും ലോഹിതദാസ് സ്മൃതിമണ്ഡപം എഴുത്തുകാരുടെ കേന്ദ്രമാക്കുമെന്നും എൽ.ഡി.എഫ് പറയുന്നു.
കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതിയിൽ ആലുവ നഗരത്തെ ഉൾപ്പെടുത്തുമെന്നാണ് എൻ.ഡി.എയുടെ പ്രധാന വാഗ്ദാനം. ആലുവയിൽ പ്രത്യേക വ്യവസായസൗഹൃദ മേഖല രൂപീകരിക്കും, എല്ലാ വീടുകളിലും മട്ടുപ്പാവ് കൃഷി ആരംഭിക്കും, ആലുവ മഹാശിവരാത്രി കേരളത്തിന്റെ പ്രധാന ഉത്സവമാക്കും, നഗരസഭ കെട്ടിടങ്ങളിൽ പുരപ്പുറ സൗരോർജ പദ്ധതി എന്നിവയും എൻ.ഡി.എ തിരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമാനമായ വാഗ്ദാനങ്ങൾ തന്നെയാണ് ഒമ്പത് വാർഡിൽ മത്സരിക്കുന്ന ജനകീയമുന്നണിയും പുറത്തിറക്കിയിട്ടുള്ളത്.