
കൊച്ചി : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷ പദവി തുടർച്ചയായി സംവരണം ചെയ്യുന്നതു ഒഴിവാക്കി പുന: ക്രമീകരിക്കണമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും നൽകിയ അപ്പീലുകളിൽ ഇന്നും വാദം തുടരും. ഇന്നലെ സർക്കാരിന്റെയും തിരഞ്ഞെടുപ്പു കമ്മിഷന്റെയും വാദം പൂർത്തിയായി. കേസിലെ എതിർ കക്ഷികളായ ആദ്യ ഹർജിക്കാരുടെ വാദം ഇന്നു തുടരും.അദ്ധ്യക്ഷപദവി തുടർച്ചയായി വനിതാ - പട്ടിക വിഭാഗങ്ങൾക്കായി സംവരണം ചെയ്യുന്നത് ചോദ്യം ചെയ്യുന്ന ഹർജികളിൽ നവംബർ 16 നാണ് ഇതു നിയമവിരുദ്ധമാണെന്ന് സിംഗിൾബെഞ്ച് വിധി പറഞ്ഞത്. തുടർച്ചയായി സംവരണം ചെയ്തിട്ടുണ്ടെങ്കിൽ ഇതു നീക്കി പുന: ക്രമീകരിക്കണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചിരുന്നു.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ നടപടികൾ തുടങ്ങിക്കഴിഞ്ഞതിനാൽ ഇപ്പോൾ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്തുന്നത് തിരഞ്ഞെടുപ്പു പ്രക്രിയയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാരും കമ്മിഷനും അപ്പീൽ നൽകിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.