hc

കൊച്ചി : പി.എസ്.സിയുടെ ഒന്നിലേറെ റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമന ശുപാർശ ലഭിക്കുകയും ഒരു ജോലി സ്വീകരിക്കുകയും ചെയ്തവരെ മറ്റു റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഒഴിവാക്കാൻ നോട്ടറി സാക്ഷ്യപ്പെടുത്തിയ റിലിങ്ക്വിഷ്മെന്റ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർബന്ധിക്കരുതെന്ന സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പി.എസ്.സിയുടെ അപ്പീലിലാണ് വിധി.

ഉദ്യോഗാർത്ഥികൾക്ക് ഒാൺലൈനിലൂടെ ഇതിനുള്ള ഒാപ്ഷൻ ആവശ്യപ്പെട്ട് ആലുവ സ്വദേശി മുഹമ്മദ് സാലിഹ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ഈ സാദ്ധ്യത പരിഗണിക്കാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചിരുന്നു. റിലിങ്ക്വിഷ്മെന്റ് സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സങ്കീർണമായ നടപടിക്രമങ്ങൾ ലളി​തമാക്കണമെന്നായി​രുന്നു ഹർജിക്കാരുടെ വാദം. ഇതിൽ സർക്കാരിനോടു സിംഗിൾ ബെഞ്ച് വിശദീകരണവും തേടി. തുടർന്നാണ് നോട്ടറി​ സാക്ഷ്യം നിർബന്ധിക്കരുതെന്ന് പി.എസ്.സിക്ക് നിർദ്ദേശം നൽകിയത്. ഇത് തട്ടിപ്പുകൾക്ക് ഇട നൽകുമെന്ന് കാട്ടിയാണ് പി.എസ്.സി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഇടക്കാല ഉത്തരവ് റദ്ദാക്കിയെങ്കിലും ഹർജി സിംഗിൾബെഞ്ച് തീർപ്പാക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

നിലവിലെ ഒഴിവുകളിൽ റിലിങ്ക്വിഷ്മെന്റ് സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ നോൺ ജോയിനിംഗ് ഡ്യൂട്ടി ഒഴിവായി കിടക്കുമെന്നും ലിസ്റ്റിലുള്ളവർക്ക് നിയമനം ലഭിക്കാതെ പോകുമെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.